സർഫറാസിന്റെ കളി കാണാനെത്തി ഭാര്യ റൊമാന ജാഹുറും, ആനന്ദക്കണ്ണീർ; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് താരം

രാജ്കോട്ട്∙ ടീം ഇന്ത്യയില്‍ സര്‍ഫറാസ് ഖാന്റെ അരങ്ങേറ്റ മത്സരം കാണാനെത്തി താരത്തിന്റെ ഭാര്യ റൊമാന ജാഹുർ. താരത്തിന് ടെസ്റ്റ് ടീം തൊപ്പി ലഭിച്ച സന്തോഷത്തിൽ, ഗ്രൗണ്ടിന് സമീപത്തെത്തിയ റൊമാന ജാഹൂർ സന്തോഷം കാരണം കണ്ണീരൊഴുക്കി. ഭാര്യയുടെ കണ്ണീർ തുടച്ച സർഫറാസ്, കെട്ടിപ്പിടിച്ചാണ് റൊമാനയെ ആശ്വസിപ്പിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു കശ്മീർ സ്വദേശിനിയായ റൊമാന ജാഹുറും സർഫറാസും വിവാഹിതരായത്. ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുന്ന ഇന്ത്യയുടെ 311–ാമത്തെ താരമാണ് സർഫറാസ് ഖാൻ‌. രാജ്കോട്ടിലെ നിരഞ്ജൻ ഷാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽവച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയാണ് സർഫറാസിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്.

സർഫറാസിന്റെ മത്സരം കാണാൻ താരത്തിന്റെ കുടുംബം മുഴുവൻ രാജ്കോട്ട് സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. സർഫറാസിന്റെ പിതാവ് നൗഷാദ് ഖാനും താരത്തിന് ടെസ്റ്റ് ക്യാപ് ലഭിച്ചപ്പോൾ വിതുമ്പിയിരുന്നു. ഇന്ത്യൻ ടീമിന്റെ തൊപ്പിയിൽ നൗഷാദ് ഖാൻ ഉമ്മ വയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സർഫറാസ് ഖാനു പുറമേ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലും ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്നുണ്ട്. അതേസമയം മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കലിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലേക്കു മടങ്ങിയെത്തി.