രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ശരദ് പവാറിനെ സന്ദർശിച്ചപ്പോൾ, രാഹുൽ ഗാന്ധിക്കൊപ്പം പവാർ |ഫോട്ടോ:ANI
1999-ല്‍ സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വരുന്നതിനെ എതിര്‍ത്ത് പാര്‍ട്ടിയില്‍ പടനയിക്കുകയും ഒടുവില്‍ ഇറങ്ങിപ്പോയ നേതാവാണ് ശരദ് പവാര്‍. അന്ന് പുറത്തായ പവാറിനൊപ്പം നിന്ന പ്രമുഖര്‍ പി.എ.സാങ്മയും താരിഖ് അന്‍വറുമായിരുന്നു.അവരുണ്ടാക്കിയ പുതിയ പാര്‍ട്ടിയാണ് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി). 15 വര്‍ഷത്തോളം എന്‍സിപിയെ മുന്നില്‍ നിന്ന് നയിച്ച ശരദ് പവാര്‍ എന്ന ചാണക്യന് ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് സംഭവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ പേരും ചിഹ്നവും ശരദ് പവാറിന് നഷ്ടമായി. വിമതനീക്കത്തിലൂടെ പാര്‍ട്ടിയെ പിളര്‍ത്തിയ അനന്തരവന്‍ അജിത് പവാറിന്റെ നേതൃത്വലുള്ളതാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീറെഴുതി. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരും അജിത് പവാറിനെയാണ് പിന്തുണയ്ക്കുന്നതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
ഈ തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിലേക്ക് കടന്നിരിക്കെയാണ് ശരദ് പവാറിന് അഭയം വാഗ്ദാനം ചെയ്ത് പഴയ പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞദിവസം പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പവാര്‍ പക്ഷം കോണ്‍ഗ്രസില്‍ ലയിക്കുമെന്ന ഊഹാപോഹം വ്യാപകമായത്. പവാറിനമുന്നില്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നുണ്ടെങ്കിലും അദ്ദേഹം അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
എന്നാല്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന പ്രചാരണങ്ങളെ പാര്‍ട്ടി നേതാവും പവാറിന്റെ മകളുമായ സുപ്രിയ സുലെ പൂര്‍ണ്ണമായും തള്ളിയിട്ടുണ്ട്. എംഎല്‍എമാരുമായും എംപിമാരുമായും ശരദ് പവാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുപ്രിയ സുലെയുടെ പ്രതികരണം. മറ്റൊരു പാര്‍ട്ടിയുമായി ലയിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ശരദ് പവാറിനെ കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാന്‍ രണ്ടുവര്‍ഷംമുമ്പ് തന്നെ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. യു.പി.എ. അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് അന്ന് രാഹുല്‍ ഗാന്ധി അദ്ദേഹത്തോട് അഭ്യര്‍ഥിച്ചെങ്കിലും പവാര്‍ നിരസിക്കുകയായിരുന്നു.
ശരദ് പവാറിനെപ്പോലെ ജനകീയനായ നേതാവിനെ കോണ്‍ഗ്രസിലെത്തിച്ചാല്‍ പഴയ പ്രഭാവത്തിലേക്കെത്തുമെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
അയോഗ്യതയില്‍ ആശങ്ക; കേരളത്തിലും ത്രിശങ്കു
അജിത് പവാര്‍ പക്ഷത്തേയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക എന്‍സിപിയായി അംഗീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക വിഭാഗമായി ശരദ് പവാര്‍ പക്ഷത്തെ അംഗീകരിച്ചെങ്കിലും മഹാരാഷ്ട്ര നിയമസഭയില്‍ പ്രത്യേകകക്ഷികളായി സ്പീക്കര്‍ അംഗീകരിച്ചിട്ടില്ല. എന്‍സിപിയുടെ പേരിലും ചിഹ്നത്തിലും മത്സരിച്ച് ജയിച്ചവരാണ് ഇരുപക്ഷത്തേയും എംഎല്‍എമാര്‍. ഈ സാഹചര്യത്തില്‍ ഔദ്യോഗിക പക്ഷമായി അംഗീകരിക്കപ്പെട്ടിട്ടുള്ള അജിത് പവാര്‍ പക്ഷം വിപ്പ് നല്‍കിയാല്‍ അത് അംഗീകരിക്കേണ്ട അവസ്ഥയിലാണ് പവാര്‍ പക്ഷത്തുള്ള എംഎല്‍എമാര്‍. ഇല്ലെങ്കില്‍ അയോഗ്യരാകുമെന്ന ഭീഷണി അവര്‍ക്ക് മുന്നിലുണ്ട്. ഈ മാസം 27-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു ആശങ്ക ശരദ് പവാര്‍ പക്ഷത്തിനുണ്ട്. ഇവര്‍ വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാകുമോ എന്നതില്‍ വ്യക്തത തേടി മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. സമനമായ സ്ഥിതി ശിവസേന വിഭാഗങ്ങള്‍ക്കിടയിലും ഉണ്ട് എന്നതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമസഭാ സെക്രട്ടറിയേറ്റ് സമീപിച്ചിരിക്കുന്നത്. സ്പീക്കറുടെ ഉത്തരവിനെതിരേ ഇരുവിഭാഗവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും വിധിവന്നിട്ടില്ല. നിയമസഭയില്‍ എന്‍.സി.പി.യിലെ 54 എം.എല്‍.എ.മാരില്‍ ഒന്‍പതുപേരാണ് ശരദ്പവാറിനൊപ്പമുള്ളത്.
ഇതിനിടെ ശരദ് പവാറിനൊപ്പം നില്‍ക്കുന്ന കേരളത്തിലെ എന്‍സിപിയും ത്രിശങ്കുവിലാണ്. എന്‍സിപിക്ക് കേരളത്തില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും മന്ത്രി എ.കെ.ശശീന്ദ്രനും ശരദ് പവാറിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ പിളര്‍പ്പ് മുതലെടുത്ത് മന്ത്രിസ്ഥാനത്തിനായി വിലപേശല്‍ തന്ത്രത്തിലേക്ക് കടന്നിരിക്കുകയാണ് തോമസ് കെ.തോമസ് എംഎല്‍എ. മന്ത്രിസ്ഥാനം കൈമാറണമെന്നാവശ്യപ്പെട്ട് ദീര്‍ഘനാളായി പാര്‍ട്ടി നേതൃത്വുമായി കലഹത്തിലാണ് തോമസ് കെ.തോമസ്. പുതിയ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ശരദ് പവാറിനെ കണ്ട് മന്ത്രിസ്ഥാനത്തിനായി വിലപേശാനുള്ള നീക്കത്തിലാണ് അദ്ദേഹമെന്നാണ് സൂചന. എന്നാല്‍ തോമസ് കെ.തോമസ് അജിത് പവാറിനൊപ്പം നിന്നാലും എല്‍ഡിഎഫ് നേതൃത്വം അദ്ദേഹത്തെ മന്ത്രിയാക്കിയേക്കില്ല. മഹാരാഷ്ട്രയില്‍ ബിജെപി പക്ഷത്തോടൊപ്പമാണ് അജിത് പവാര്‍ എന്നുള്ളത് അദ്ദേഹത്തിന് തിരിച്ചടിയാകും. അയോഗ്യത പ്രശ്‌നങ്ങളും മറ്റുംമുന്നില്‍ നിര്‍ത്തി ശരദ് പവാര്‍ പക്ഷം കോണ്‍ഗ്രസില്‍ ലയിച്ചാലും കേരളത്തിലെ പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. നിലവില്‍ എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന എന്‍സിപി എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസിന്റെ ഭാഗമാവേണ്ടി വരും.
ഇതിനിടെ കേരളത്തില്‍ അജിത് പവാര്‍ പക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്ന എന്‍.എ.മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയെ നീക്കി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
