സുന്ദർ പിച്ചൈ | Photo: AP

ഇലോണ്‍ മസ്‌ക്, സുന്ദര്‍ പിച്ചൈ, സത്യ നദെല്ല, ടിം കുക്ക്, സക്കര്‍ബര്‍ഗ് തുടങ്ങി സാങ്കേതിക വിദ്യാസ രംഗത്തെ ഭീമന്മാരായ സ്ഥാപനങ്ങളുടെ മേധാവികള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ എന്തെല്ലാം സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ. ഏത് ഫോണ്‍ ആണ് അവര്‍ ഉപയോഗിക്കുന്നത്, ഏത് ലാപ്‌ടോപ്പാണ്, സ്മാര്‍ട് ഉപകരണങ്ങളും മറ്റും ഉപയോഗിക്കുന്നുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉണ്ടാവാം.

ഗൂഗിളിന്റെ മേധാവി, സുന്ദര്‍ പിച്ചൈ തന്റെ അത്തരം ചില ശീലങ്ങള്‍ അടുത്തിടെ ബിബിസിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ വെച്ച് വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹം 20 ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടത്രേ. ആളുകള്‍ ഒരു ഫോണ്‍ ഉപയോഗിക്കാന്‍ തന്നെ പാടുപെടുമ്പോഴാണ് 20 ഫോണുകള്‍.

എന്നാല്‍ തന്റെ ജോലിയുടെ ഭാഗമായാണ് അദ്ദേഹം ഇത്രയേറെ ഫോണുകള്‍ ഉപയോഗിക്കുന്നത്. വിവിധ ഗൂഗിള്‍ ഉല്പന്നങ്ങള്‍ ഈ ഫോണുകളിലെല്ലാം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇത്.

അദ്ദേഹത്തിന്റെ കുട്ടികള്‍ എത്രനേരം ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന ചോദ്യം നേരിട്ടപ്പോള്‍, കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് പകരം വ്യക്തിഗത പരിധികള്‍ നിശ്ചയിക്കുന്നതിലാണ് കാര്യമെന്ന് അദ്ദേഹം പറഞ്ഞു. അതായത് ഉത്തരവാദിത്വത്തോടെ സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടതുണ്ട് എന്നാണ് ഇന്നത്തെ ഡിജിറ്റല്‍ ലോകത്തെ രക്ഷിതാവ് എന്ന നിലയില്‍ താന്‍ വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിന് താന്‍ പാസ് വേഡുകള്‍ ഇടക്കിടെ മാറ്റാറില്ലെന്നും പകരം ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ ആണ് ഉപയോഗിക്കാറെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉപഭോക്താവ് ഓണ്‍ലൈനില്‍ അവരുടെ സുരക്ഷയില്‍ ഉത്തരവാദിത്വമുള്ളവരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്‍ ഇതുവരെ സൃഷ്ടിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്ന് പിച്ചൈ പറയുന്നു. തീ, വൈദ്യുതി എന്നിവയോടാണ് അദ്ദേഹം എഐയെ താരതമ്യം ചെയ്തത്.

അമേരിക്കൻ പൗരനാണെങ്കിലും താന്‍ ഇപ്പോഴും ഇന്ത്യന്‍ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും തന്റെ ലോക വീക്ഷണത്തില്‍ അതിന്റെ സ്വാധീനമുണ്ടെന്നും പിച്ചൈ പറഞ്ഞു.