(This image is only used for representative purpose/ Oatawa/istockphoto)

വാഹനങ്ങളിൽ തീപിടിത്തമുണ്ടാകുന്നതിൽ പ്രധാന കാരണം അനധികൃതമായ രൂപമാറ്റം (ഓൾട്ടറേഷൻ) ആണെന്ന് സർക്കാർ നിയോഗിച്ച പഠന സമിതിയുടെ കണ്ടെത്തൽ.

വില്ലൻ അനധികൃത രൂപമാറ്റം

കുറഞ്ഞ വേരിയന്റ് വാഹനത്തിൽ കൂടിയ വേരിയന്റ് വാഹനങ്ങളുടെ ലൈറ്റും ഹോണും ക്യാമറയും സ്ഥാപിക്കുക, മറ്റ് ഇലക്ട്രിക് രൂപമാറ്റം വരുത്തുക, കമ്പനി നിർമിച്ചിട്ടുള്ള ശേഷിയിൽ കൂടുതൽ വാട്സിൽ ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ ഓൾട്ടറേഷൻ തീപിടിത്തത്തിനു കാരണമാകും. നിലവാരമില്ലാത്ത വർക്‌ഷോപ്പുകളിലാണ് മിക്കവരും ഇത് ചെയ്യുന്നതും. വാഹനത്തിൽ കമ്പനി നൽകിയിട്ടുള്ള സർക്യൂട്ടുകളും കേബിളുകളും മുറിച്ച ശേഷം ഗുണനിലവാരം കുറഞ്ഞ കേബിളുകൾ കൂട്ടിയോജിപ്പിച്ചാണ് ഇത്തരം ആൾട്ടറേഷൻ നടത്തുന്നത്. വലിയ വാട്സ് ലൈറ്റുകൾ അനധികൃതമായി ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചൂടിലാണ് ഇൗ ഗുണനിലവാരമില്ലാത്ത വയറുകളിൽ തീപിടിക്കുന്നതെന്നും സമിതി കണ്ടെത്തി.

നടപടി വരും

ഇത്തരം ഓൾട്ടറേഷനുകൾ വാഹനകമ്പനിയുടെ അംഗീകൃത വർക്‌ഷോപ്പുകളിൽ വാഹനത്തിന്റെ ശേഷിയ്ക്കനുസരിച്ച് ചെയ്യാമെങ്കിൽ മാത്രമേ അനുമതി നൽകാവുവെന്നും അല്ലാത്ത വർക്‌ഷോപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്നും സമിതി നിർദേശിച്ചു. ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നവർക്ക് ഇൻഷുറൻസ് ലഭിക്കില്ലെന്നത് വാഹന ഉടമകളെ ബോധവൽക്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഫയർ എക്സ്റ്റിഗ്യൂഷർ

എല്ലാ വാഹനങ്ങളിലും ഫയർ എക്സ്റ്റിഗ്യൂഷർ നിർബന്ധമാക്കണമെന്നും അത്യാഹിതം ഉണ്ടായാൽ രക്ഷപ്പെടാൻ സീറ്റ് ബെൽറ്റ് കട്ടറും ഗ്ലാസ് പൊളിക്കുന്നതിന് ഹാമറും ഉണ്ടാകണമെന്നും റിപ്പോർട്ടിലുണ്ട്. വിദേശരാജ്യങ്ങളിൽ വാഹനങ്ങളിൽ ഇത് നിർബന്ധമാണെന്നതിനാൽ കേരളത്തിലും വ്യവസ്ഥ കൊണ്ടുവരണമെന്നാമാണ് നിർദേശം. ഈ റിപ്പോർട്ടനുസരിച്ച് സർക്കാർ വാഹനനിർമാതാക്കളോട് ആവശ്യപ്പെടുന്നതിനാണ് തീരുമാനം.

കാർ കത്തിയത് ആറിടത്ത്

അടുത്തിടെ കേരളത്തിൽ ആറിടങ്ങളിലാണ് ഓടിക്കൊണ്ടിരുന്ന കാറുകൾ തീപിടിച്ചു നശിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം കാറിനു തീപിടിച്ച് പൂർണ ഗർഭിണിക്കും ഭർത്താവിനും ജീവൻ നഷ്ടപ്പെട്ടിരുന്നു. കണ്ണൂരിൽ ഉണ്ടായ അപകടത്തിൽ തീപിടിത്തത്തിനിടെ സീറ്റ് ബെൽറ്റ് ഉരുകിയുറച്ചതിനാൽ സീറ്റ് ബെൽറ്റ് മാറ്റി രക്ഷപ്പെടാനായില്ലെന്ന് കണ്ടെത്തിയിരുന്നു.

എലിയും വണ്ടും പ്രശ്നക്കാർ

വിദേശത്തുള്ളവർ വാഹനം ഉപയോഗിക്കാതെ സൂക്ഷിച്ച ശേഷം അവധിക്ക് വരുമ്പോൾ വാഹനം സർവീസ് ചെയ്യാതെ ഉപയോഗിക്കരുതെന്നും സമിതിയുടെ നിർദേശത്തിലുണ്ട്. എലിയും ആബ്രോസിയ വണ്ടും വാഹനങ്ങളുടെ ഇലക്ട്രിക് സർക്യൂട്ടുകൾ മുറിച്ചിടുന്നതും തീപിടിത്തതിനു കാരണമാകുന്നെന്നാണ് കണ്ടെത്തൽ.

സമിതിയിൽ ഇവർ

ചെന്നൈയിൽ വാഹനങ്ങളുടെ ഇലക്ട്രിക് ഡിവൈസുകൾ നിർമിക്കുന്ന ഡെൽട്രോൺ കമ്പനി പ്രതിനിധി കെ.രമേഷ്, ശ്രീചിത്ര എൻജിനിയറിങ് കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ആർ. കമാൽ കൃഷ്ണ, എസ് സിഎംഎസ് അസോഷ്യേറ്റ് പ്രഫസർഡോ. ബി.മനോജ്കുമാർ, ഫോറൻസിക് സയൻസ് ലബോറട്ടറി മുൻ ജോയിന്റ് ഡയറക്ടറും ആലിബി സൈബർ ഫോറൻസിക് കമ്പനി ഡയറക്ടറുമായ ഡോ.എസ്.പി. സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പഠനം നടത്തിയത്.