പ്രതീകാത്മക ചിത്രം

ദെഹ്റാദൂണ്‍ (ഉത്തരാഖണ്ഡ്): ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചശേഷം നഗ്നയാക്കി നടത്തിയെന്ന് പരാതി. ഉത്തരാഖണ്ഡിലെ യു.എസ് നഗറിലാണ് സംഭവം. ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ യു.പി പോലീസ് അറസ്റ്റുചെയ്തു. ഫെബ്രുവരി ആറിനാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയോട് ക്രൂരതകാട്ടിയത് എന്നാണ് പരാതി.

ഭര്‍ത്താവും ഇയാളുടെ സഹോദരനും പിതാവും ചേര്‍ന്ന് വസ്ത്രങ്ങള്‍ വലിച്ചൂരിയ ശേഷം മര്‍ദിക്കുകയും വീട്ടിനുള്ളിലൂടെ നടത്തിച്ചെന്നും യുവതിയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍, മക്കളെ ഓര്‍ത്തിട്ടാണ് ഭര്‍ത്താവിന്റെ ക്രൂരത ഇത്രയുംനാള്‍ സഹിച്ചതെന്ന് അവര്‍ പറയുന്നു. സംഭവശേഷം യുവതി ഉത്തര്‍പ്രദേശിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയും സഹോദരനുമൊത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.യുവതിയുടെ പരാതിയില്‍ യുപിയിലെ പിലിഭിത്ത് കോട്വാലി പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

സംഭവത്തിന്റെ പിറ്റേദിവസം യുപിയില്‍ യുവതി താമസിക്കുന്ന വീട്ടിലെത്തിയ പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. 15 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.