കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: വിദേശ സർവകലാശാല സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. ചർച്ചകൾ വേണമെന്നാണ് പറഞ്ഞതെന്നും അതുപോലും പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. നിയമസഭയിൽ വെച്ച് വിദേശ സർവകലാശാല വിഷയത്തിൽ പ്രതിപക്ഷ എംഎൽഎമാർ പുഷ്പനെ അറിയാമോ എന്ന് ചോദിച്ചതിന്, പുഷ്പനെ ഓർമ്മയുണ്ടെന്നും ആ സമരത്തിൽ സജീവമായി പങ്കെടുത്തവരാണ് തങ്ങളെല്ലാവരുമെന്നും കെ.എൻ ബാലഗോപാൽ മറുപടി പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങളും ചർച്ചകളും വേണം. വിദേശസർവകലാശാലയെ സംബന്ധിച്ച് ചർച്ചവേണമെന്നാണ് പറഞ്ഞിട്ടുള്ളത്. നാല്പത് വർഷം മുമ്പ് ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരെ ഞങ്ങളുടെ അന്നത്തെ തലമുറ സമരംചെയ്തിട്ടുണ്ട്. മൂവായിരത്തോളം തൊഴിലാളികൾ തൊഴിലില്ലാതെ നിൽക്കുന്ന, കർഷക തൊഴിലാളികൾക്ക് ജോലി കിട്ടാത്ത കാലത്തെ പോലെയാണോ ഇന്ന്. ഇന്ന് കാലം മാറി. കേരളത്തിലെ കുടുംബങ്ങളിൽനിന്ന് കുട്ടികൾ വിദേശത്തേക്ക് പോവുകയാണ്. ഒരു കുട്ടിക്ക് 30 ലക്ഷം മുതൽ മുകളിലേക്കാണ് ചെലവ്. നാട്ടിൽ ചെലവാകേണ്ട പണം ഇവിടെ വരണം. കുട്ടികൾ പലരും പോകുന്നത് കുടിയേറ്റത്തിനും ജോലിക്കും വേണ്ടിയാണ്. ഇതിനൊക്കെയുള്ള പരിഹാരമാണ് വിദേശ സർവകലാശാലകൾ വേണമെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലിക്കറ്റ് സർവകലാശാലയിൽ കമ്പ്യൂട്ടർവത്കരണം വന്നപ്പോൾ തൊഴിൽ കളയുമെന്ന് പറഞ്ഞ് കോൺഗ്രസ് സംഘടനയുടെ സമരം ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയാണെന്നും ബാലഗോപാൽ പറഞ്ഞു.
വിദേശ സർവകലാശാലയെക്കുറിച്ച് ചർച്ചചെയ്യുന്നതേ ഉള്ളൂ എന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. സിപിഎം ഇപ്പോൾ ഒരു നയം എടുത്തിട്ടില്ല. ചർച്ചചെയ്തിട്ട് പൊതുവായ മാനദണ്ഡം നോക്കി കാര്യങ്ങൾ ചെയ്യും. ചർച്ചകൾ പോലും പാടില്ല എന്നുപറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
