ലണ്ടൻ മൃഗശാല പങ്കുവെച്ച എഫിയുടെയും കുഞ്ഞിന്റെയും ചിത്രം | Photo: twitter.com/zsllondonzoo

ഗുരുതര വംശനാശഭീഷണി നേരിടുന്ന വെസ്റ്റേണ്‍ ലോലന്‍ഡ് ഗൊറില്ലയുടെ കുഞ്ഞിനെ വരവേറ്റ് ലണ്ടന്‍ മൃഗശാല (London Zoo). ഫെബ്രുവരി 8-നാണ് എഫി എന്ന ഗൊറില്ലയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് മൃഗശാലയില്‍ വെസ്റ്റേണ്‍ ലോലാന്‍ഡ് ഗൊറില്ലയുടെ കുഞ്ഞ് ജനിക്കുന്നതെന്നതും ശ്രദ്ധയേം. വംശനാശഭീഷണി നേരിടുന്ന ഗൊറില്ലകളുടെ സംരക്ഷണത്തിന് ഇത്തരം സംഭവങ്ങള്‍ സഹായകരമാകുമെന്ന് കരുതുന്നതായി മൃഗശാലാ അധികൃതര്‍ പറയുന്നു.

ആഫ്രിക്കയുടെ മധ്യ, പടിഞ്ഞാറന്‍ മേഖലകളിലെ മഴക്കാടുകളില്‍ പ്രധാനമായും വാസമുറപ്പിച്ചിരിക്കുന്ന ഇവ വംശമറ്റ് പോകാനുള്ള സാധ്യത കണക്കിലെടുത്താണ് ഗുരുതര വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

വേട്ടയാടല്‍, വനനശീകരണം തുടങ്ങിയവ ഇവ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. 25 വര്‍ഷത്തിനിടെ ഈ ഗൊറില്ലകളുടെ എണ്ണം 60 ശതമാനത്തിലധികം കുറഞ്ഞതായി സുവേളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടന്‍ പറയുന്നു. ഗൊറില്ലകളുടെ ഉപജാതികളില്‍ വലിപ്പം കുറഞ്ഞവ കൂടിയാണ് വെസ്റ്റേണ്‍ ലോലാന്‍ഡ് ഗൊറില്ലകള്‍. ആഫ്രിക്കയിലെ മഴക്കാടുകളില്‍ ഒരുലക്ഷത്തോളം വരുന്ന വെസ്റ്റേണ്‍ ലോലാന്‍ഡ് ഗൊറില്ലകള്‍ ശേഷിക്കുന്നതായി വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്റെ (WWF) റിപ്പോര്‍ട്ടില്‍ പറയുന്നു.