നരേന്ദ്ര മോദി, മായാവതി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ ദേശീയതലത്തില്‍ ഭാരതരത്‌നയാണ് താരം. മൂന്നാം ഊഴത്തിലേക്ക് നാനൂറ് സീറ്റ് ലക്ഷ്യമിടുന്ന ബി.ജെ.പിയും എന്‍.ഡി.എയും ഭാരതരത്‌ന പ്രധാന തിരഞ്ഞെടുപ്പായുധമാക്കി പരീക്ഷിക്കുമ്പോള്‍ പുതിയ രാഷ്ട്രീയ സാഹര്യം കൂടിയാണ് ഉരുത്തിരിഞ്ഞ് വരുന്നത്. ചരിത്രത്തിലാദ്യമായി ഒരു വര്‍ഷം അഞ്ചുപേര്‍ക്ക് ഭാരത രത്‌നയെന്ന റെക്കോര്‍ഡിലേക്കുമെത്തി. ബിഹാറില്‍ കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌ന നല്‍കിയതിലൂടെ നിതീഷിനെ മറുകണ്ടം ചാടിക്കാനായി എന്ന അപ്രതീക്ഷിത വിജയമാണ് കൂടുതല്‍ രാഷ്ട്രീയ പുരസ്‌കാരങ്ങളിലേക്ക് ബി.ജെ.പിയെ നയിച്ചതെന്നാണ് ആരോപണം. പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യം ഇത്തവണ ഉറ്റുനോക്കിയിരുന്ന ബിഹാറില്‍ നിതീഷിനെ ചാടിച്ചതോടെ വലിയ രാഷ്ട്രീയവിജയം നേടാനായ ബി.ജെ.പിക്ക് ലഭിച്ച ആത്മവിശ്വാസം ചെറുതല്ല. ഇതിന് പുറമെ മുന്‍ പ്രധാനമന്ത്രിയായ ചൗധരി ചരണ്‍ സിങ്ങിനുള്ള ഭാരതരത്‌ന പ്രഖ്യാപനവും വന്നു.

യു.പിയില്‍ എസ്.പിയോടൊപ്പം പ്രതിപക്ഷ മുന്നണിയിലുണ്ടായിരുന്ന ആര്‍.എല്‍.ഡിയെ ലക്ഷ്യമിട്ട് നല്‍കിയ ഭാരതരത്‌ന പ്രതിപക്ഷ ഐക്യം തകര്‍ക്കുന്നതില്‍ പ്രധാന തുറുപ്പുചീട്ടാവുമെന്ന കണക്ക് കൂട്ടലിലാണ് എന്‍.ഡി.എ. എന്‍.ഡി.എയ്‌ക്കൊപ്പം മത്സരിക്കുമെന്ന് തിങ്കളാഴ്ച ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിനും ഭാരത രത്‌ന നല്‍കണമെന്ന ആവശ്യം മായാവതിയും മുന്നോട്ടുവെച്ചിട്ടുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയിട്ടുള്ള മായാവതിയെ തങ്ങളോടൊപ്പം ചേര്‍ക്കാന്‍ കാന്‍ഷിറാമിനും ഭാരത രത്‌ന നല്‍കുമോയെന്നതാണ് പുതിയ സാഹചര്യത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത്.