ഇന്ത്യൻ താരങ്ങളായ രജത് പാട്ടിദാർ, യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറൽ, സർഫറാസ് ഖാൻ എന്നിവർ രാജ്കോട്ടിൽ പരിശീലനത്തിനിടെ.

രാജ്‌കോട്ട് ∙ തന്റെ കരിയറിലെ ആറാം ടെസ്റ്റ് മത്സരത്തിൽ ഇരുപത്തിമൂന്നുകാരൻ യശസ്വി ജയ്സ്വാൾ നേടിയ ഇരട്ട സെഞ്ചറിയാണ് വിശാഖപട്ടണത്തു നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. മൂന്നാം ടെസ്റ്റ് നാളെ രാജ്കോട്ടിൽ ആരംഭിക്കുമ്പോൾ കൂടുതൽ പുതുമുഖങ്ങളെയിറക്കി എതിരാളികളുടെ പദ്ധതികൾ തകർക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ശ്രേയസ് അയ്യരുടെയും കെ.എൽ.രാഹുലിന്റെയും അഭാവത്തിൽ രാജ്‌കോട്ട് ടെസ്റ്റിൽ ഇന്ത്യയുടെ മധ്യനിര ബാറ്റിങ് കൂടുതൽ ചെറുപ്പമാകും. സർഫറാസ് ഖാൻ, ധ്രുവ് ജുറൽ എന്നിവർക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയേക്കും.

കെ.എൽ.രാഹുലിന് ഇടമൊരുക്കാനാണ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽ നിന്ന് മധ്യനിര ബാറ്റർ ശ്രേയസ് അയ്യരെ സിലക്ടർമാർ ഒഴിവാക്കിയത്. എന്നാൽ ടീം പ്രഖ്യാപനത്തിനുശേഷമുള്ള രാഹുലിന്റെ പിൻമാറ്റം നേട്ടമാകുന്നത് മുംബൈ താരം സർഫറാസ് ഖാനോ കർണാടകയിൽനിന്നുള്ള മലയാളിതാരം ദേവ്‌ദത്ത് പടിക്കലിനോ ആയിരിക്കും. രാഹുലിന്റെ പകരക്കാരനായി പ്രഖ്യാപിച്ച ദേവ്ദത്ത് ടീമിനൊപ്പം ചേർന്നെങ്കിലും വിശാഖപട്ടണത്ത് റിസർവ് ബെഞ്ചിലിരുന്ന സർഫറാസ് ഖാന്റെ അരങ്ങേറ്റത്തിനാണ് കൂടുതൽ സാധ്യത.

രണ്ടാം ടെസ്റ്റിൽ അരങ്ങേറിയ രജത് പാട്ടിദാർ രാജ്‌കോട്ട് ടെസ്റ്റിലും സ്ഥാനം നിലനിർത്തും. എന്നാൽ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ്.ഭരത്തിന്റെ മോശം ഫോം ധ്രുവ് ജുറലിന്റെ അരങ്ങേറ്റ സ്വപ്നം യാഥാർഥ്യമാക്കും. കഴിഞ്ഞ 7 ടെസ്റ്റുകളിൽ നിന്ന് ഒരു അർധ സെഞ്ചറിപോലും നേടാനാകാത്തതാണ് ഭരത്തിന് തിരിച്ചടിയാവുക.

ഗില്ലിൽ ആശങ്ക

ഇന്ത്യൻ ടീമിന്റെ ‘ഓപ്ഷനൽ ട്രെയിനിങ്’ സെഷനിൽ നിന്ന് ഇന്നലെ വിട്ടുനിന്നവരിൽ ശുഭ്മൻ ഗില്ലും ഉണ്ടായിരുന്നു. വിശാഖപട്ടണം ടെസ്റ്റിൽ സെഞ്ചറി നേടി ഫോമിലേക്കു തിരിച്ചെത്തിയ ഗില്ലിന് ഫീൽഡിങ്ങിനിടെ വിരലിനു പരുക്കേറ്റിരുന്നു. തുടർന്ന് സർഫറാസ് ഖാനാണ് ഗില്ലിനു പകരം ഫീൽഡിൽ ഇറങ്ങിയത്. ഇന്നലെ ഇന്ത്യൻ ടീമിന്റെ ക്യാച്ചിങ് പരിശീലനത്തിൽനിന്നു ഗിൽ വിട്ടുനിന്നത് പരുക്കിനെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചു.

അക്ഷറോ കുൽദീപോ?

രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് ടീമിലുണ്ടാക്കുന്നത് സിലക്‌ഷൻ തലവേദന കൂടിയാണ്. സ്പിൻ ബോളിങ്ങിൽ അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരിലൊരാളെ പുറത്തിരുത്തേണ്ടിവരും. ഒരുവർഷത്തിനിടെ 11 ടെസ്റ്റ് മത്സരങ്ങളിൽ 8 വിക്കറ്റു മാത്രം നേടിയ അക്ഷർ കുൽദീപിനെക്കാൾ ബോളിങ്ങിൽ പിന്നിലാണ്. പക്ഷേ ബാറ്റിങ്ങിലെ മികവ് അനുകൂല ഘടകമാകും.

കുൽദീപ് യാദവ്

വീസ പ്രശ്നം: ഇംഗ്ലണ്ട് താരത്തെ തടഞ്ഞു

ഇന്ത്യൻ പര്യടനത്തിനിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനു വീണ്ടും വീസ തടസ്സം. നിബന്ധനകൾ പാലിക്കാത്തതിനാൽ ഇംഗ്ലണ്ട് സ്പിന്നർ റെഹാൻ അഹ്മദിനെ ഇന്നലെ രാജ്കോട്ട് വിമാനത്താവളത്തിൽ തടഞ്ഞു. അബുദാബിയിൽനിന്നു രാജ്‌കോട്ടിലെത്തിയ ഇംഗ്ലണ്ട് ടീമിലെ അംഗമായ യാത്രയ്ക്കിടെയായിരുന്നു സംഭവം. തുടർന്ന് താ‍ൽക്കാലിക വീസ അനുവദിച്ച് പ്രശ്നം പരിഹരിച്ചെങ്കിലും രേഖകളിലെ അപാകത പരിഹരിക്കണമെന്ന് ബിസിസിഐ ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിശാഖപട്ടണത്തു നടന്ന രണ്ടാം ടെസ്റ്റിനുശേഷമാണ് ഇംഗ്ലണ്ട് ടീം പ്രീ സീസൺ ക്യാംപായ അബുദാബിയിലേക്കു പോയത്. നേരത്തേ ഇംഗ്ലണ്ട് താരം ശുഐബ് ബഷീറും ഇന്ത്യയിലേക്ക് എത്തുന്നതിന് വീസ തടസ്സം നേരിട്ടിരുന്നു.