Iphones | Photo: Gettyimages
പോയവര്‍ഷം ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത് 14.6 കോടി സ്മാര്‍ട്‌ഫോണുകള്‍. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ശതമാനത്തിന്റെ നാമമാത്രമായ വളര്‍ച്ചമാത്രമാണുണ്ടായതെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 2022 ല്‍ 14.43 കോടി സ്മാര്‍ട്‌ഫോണുകളാണ് വിറ്റത്. 2021 ല്‍ വില്‍പനയില്‍ നിന്ന് 10.2 ശതമാനം കുറവായിരുന്നു ഇത്. 2023 ലെ രണ്ടാം പകുതിയില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പനയിലുണ്ടായ വര്‍ധനവാണ് ഈ വര്‍ഷം നേരിയ മുന്നേറ്റം ഉണ്ടാകാനിടയായത്. നിരവധി പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഇക്കാലയളവില്‍ പുറത്തിറങ്ങി.
ആപ്പിളിനെ സംബന്ധിച്ച് വലിയൊരു വര്‍ഷമായിരുന്നു 2023. 90 ലക്ഷം ഫോണുകളാണ് ആപ്പിള്‍ വിറ്റഴിച്ചത്. ഐഫോണ്‍ 14 സീരീസിന്റെ വില്‍പനയാണ് ആപ്പിളിന് നേട്ടമായത്. മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഉല്പാദനം വര്‍ധിച്ചതും അതിന് സഹായിച്ചു. ഐഫോണ്‍ 13, ഐഫോണ്‍ 14 മോഡലുകള്‍ 2023 ല്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട സ്മാര്‍ട്‌ഫോണ്‍ മോഡലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ മുന്നിലുള്ളത് സാംസങ് ആണെങ്കിലും പോയ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനത്തിന്റെ ഇടിവ് 2023 ലെ സാംസങ് ഫോണുകളുടെ വില്‍പനയിലുണ്ടായി. പോകോയുമായി ഷാവോമിയും സാംസങിന് തൊട്ടുപിന്നിലായുണ്ട്.
10000 രൂപയില്‍ താഴെ വിലയുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണുകളുടെ വില്‍പനയില്‍ 2023 ല്‍ വര്‍ധനവുണ്ടായി. ആകെ വില്‍പനയുടെ 20 ശതമാനമാണ് എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണുകള്‍ രേഖപ്പെടുത്തിയത്. 2022 ല്‍ 18 ശതമാനം ആയിരുന്നു ഇത്.
ബജറ്റ് വിഭാഗത്തില്‍ 10000 രൂപ മുതല്‍ 20000 രൂപ വരെയുള്ള സ്മാര്‍ട്‌ഫോണുകളുടെ വില്‍പന 2022 ല്‍ 51 ശതമാനം ഉണ്ടായിരുന്നത് 44 ശതമാനം ആയി കുറഞ്ഞു. 12 ശതമാനത്തിന്റെ ഇടിവ്. വിവോ, റിയല്‍മി, സാംസങ് തുടങ്ങിയ കമ്പനികളാണ് ഈ വിഭാഗത്തില്‍ സജീവമായുള്ളത്. ആകെ വില്‍പനയുടെ 40 ശതമാനം 20000 രൂപ മുതല്‍ 40000 രൂപവരെ വിലയുള്ള എന്‍ട്രി പ്രീമിയം സ്മാര്‍ട്‌ഫോണുകളുടേതാണ്. 40000-60000 രൂപ വരെ വിലയുള്ള മിഡ് പ്രീമിയം ഫോണുകളുടെ വില്‍പനയില്‍ 27 ശതമാനം ഉയര്‍ന്നു. വണ്‍പ്ലസും സാംസങും വിവോയുമാണ് ഈ രംഗത്തുള്ളത്.
60000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം, സൂപ്പര്‍ പ്രീമിയം സ്മാര്‍ട്‌ഫോണുകളുടെ വില്‍പന കുതിച്ചുയരുകയാണ്. പ്രത്യേകിച്ച് സൂപ്പര്‍-പ്രീമിയം വിഭാഗത്തില്‍, 86 ശതമാനം വര്‍ധനവാണുണ്ടായത്. ഐഫോണ്‍ ആണ് ഈ വിഭാഗത്തില്‍ മുന്നില്‍ സാംസങ് തൊട്ടുപിന്നിലും.
വിപണിയിലെത്തിയ 50 ശതമാനം സ്മാര്‍ട്‌ഫോണുകളിലും മീഡിയാ ടെക്ക് പ്രൊസസറാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6 ശതമാനം വര്‍ധനവ്. ജനപ്രീതി നേടിയ വിവോ ടി2എക്‌സ്, ഷാവോമി റെഡ്മി എ2, റിയല്‍മി സി55 പോലുള്ളവ മീഡിയാ ടെക്ക് അധിഷ്ടിത മോഡലുകളാണ്. അതേസമയം ക്വാല്‍കോമിന്റെ വിപണി വിഹിതത്തില്‍ 25 ശതമാനത്തിന്റെ ഇടിവുണ്ടായി.
