മാത്യു കുഴൽനാടൻ
തിരുവനന്തപുരം∙ മാസപ്പടി വിഷയത്തിൽ യഥാർഥ പ്രതി മുഖ്യമന്ത്രി പിണാറായി വിജയനെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വീണാ വിജയൻ പണം വാങ്ങിയെന്നത് ശരിയാണ്. പക്ഷേ ഇതിൽ യഥാർഥത്തിൽ ആ പണം വാങ്ങിയത് ആരു നൽകുന്ന സേവനത്തിനു വേണ്ടി എന്നത് പ്രസക്തമാണ്. വീണയ്ക്ക് ലഭിച്ച പണം സിഎംആർഎലിന് മുഖ്യമന്ത്രി നൽകിയ സേവനത്തിനാണെന്നും കുഴൽനാടൻ പറഞ്ഞു. എക്സാലോജിക് വിഷയത്തിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ മുഖ്യമന്ത്രിക്ക് പരിചതീർത്തെന്നും കുഴൽനാടൻ ആരോപിച്ചു. സഭയിൽ തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാനായിരുന്നു സ്പീക്കറുടെ ഇടപെടൽ. സ്പീക്കർ ജനാധിപത്യം കശാപ്പു ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
‘‘പിണറായി വിജയൻ അധികാരത്തിൽ വന്നതിനു പിന്നാലെ വീണയ്ക്ക് മാസാമാസം അഞ്ചു ലക്ഷം രൂപ വരെ സിഎംആർഎൽ നൽകുകയാണ്. ഇതിനു പുറമേഎക്സാലോജിക് കമ്പനിക്കും മാസം 3 ലക്ഷം രൂപ വീതം കൊടുത്തുകൊണ്ടിരിക്കുകയാണ്. സിഎംആർഎലിന്റെ ആവശ്യം ലീസ് അനുവദിക്കണമെന്നാണ്. സിഎംആർഎലിന് കരിമണൽ ഖനന അനുമതി ഉറപ്പാക്കാൻ പിണറായി വിജയൻ ഇടപെട്ടു. അതിനുവേണ്ടി അദ്ദേഹം വ്യവസായനയം മാറ്റി. മുൻ കരാർ റദ്ദാക്കിയ ഫയൽ പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സിഎംആർഎൽ എന്ന കമ്പനിയുടെ ഏറ്റവും വലിയ വരുമാനവും താൽപര്യവും കരിമണലാണ്. കരിമണലിനുള്ള ലീസ് 2003–2004 കാലത്ത് സിഎംആർഎലിന് ആദ്യമായി ലഭിച്ചു. നാലു ലീസാണ് അനുവദിച്ചത്. എന്നാൽ സർക്കാർ പോളിസികൾക്കും പൊതുജന താൽപര്യങ്ങൾക്കും വിരുദ്ധമായിരുന്നതിനാൽ ഈ ലീസിന്റെ ബാക്കി നടപടികളെല്ലാം 10 ദിവസത്തിനുള്ളിൽ സ്റ്റേ ചെയ്തിരുന്നു. സിഎംആർഎൽ എക്കാലത്തും ഈ ലീസ് തിരിച്ചുപിടിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കേരളത്തിന്റെ തീരദേശ മേഖലയിലെ താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിടെ സ്വകാര്യ വ്യക്തികളുടെ ലീസ് അനുവദിക്കുന്നില്ല എന്നുള്ള തീരുമാനം സർക്കാരുകൾ കൈക്കൊണ്ടു.
എ.കെ.ആന്റണി സർക്കാരിന്റെയും പിന്നീടു വന്ന അച്യുതാനന്ദൻ സർക്കാരിന്റെ നിലപാടും അതായിരുന്നു. പൊതുമേഖലയിൽനിന്ന് അല്ലാതെ സ്വകാര്യ വ്യക്തികളെ കരിമണൽ ഖനനത്തിന് അനുവദിക്കില്ല എന്ന നയവും അച്യുതാനന്ദൻ സർക്കാർ തീരുമാനിച്ചു.
അച്യുതാനന്ദനു ശേഷം ഉമ്മൻചാണ്ടി സർക്കാർ വന്നു. അതിനിടെ സിഎംആർഎൽ കമ്പനി അവരുടെ ലീസ് റദ്ദാക്കിയതിനെതിരെ കേന്ദ്ര മൈൻസ് ട്രൈബ്യുണലിനെ സമീപിച്ചു. മൈൻസ് ട്രൈബ്യുണൽ സിഎംആർഎലിന്റെ ആവശ്യങ്ങൾ പുനഃപരിശോധിക്കാൻ കേരള സർക്കാരിന് നിർദേശം നൽകി. എന്നാൽ കേരള സർക്കാർ ഇതിൽ അനുകൂല തീരുമാനം കൈക്കൊള്ളാത്തതിനാൽ സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബഞ്ച് സിഎംആർഎലിന് അനുകൂലമായി വിധിച്ചു.
ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ച് തീരുമാനവും സിഎംആർഎലിന് അനുകൂലമായപ്പോൾ ഉമ്മൻചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സിഎംആർഎലിന് എതിരായ വിധി വാങ്ങി. എന്നാൽ അതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയി.
സിഎംആർഎലിന് ലീസ് അനുവദിച്ച് മേഖലകൾ നോട്ടിഫൈ ചെയ്താൽ അത് സർക്കാരിന്റെ കൈവശം എത്തുമെന്നാണ് കോടതി 2016 ഏപ്രിലിൽ പുറത്തിറക്കിയ വിധിയിൽ പറയുന്നത്. തുടർന്ന് 2016 മേയിൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽവന്നു.
കരാർ റദ്ദാക്കാതെ ഫയൽ പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. നിയമോപദേശം തേടാൻ 2019 സെപ്റ്റംബറിൽ മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചു. പാട്ടക്കരാർ റദ്ദാക്കണമെന്ന നിയമവകുപ്പിന്റെ ശുപാർശ നിലനിൽക്കെയായിരുന്നു ഇത്. വീണയ്ക്ക് മാസപ്പടി ലഭിച്ചത് മുഖ്യമന്ത്രി കരിമണൽ കമ്പനിക്ക് നൽകിയ സേവനത്തിന് ’’– കുഴൽനാടൻ ആരോപിച്ചു.
