ദത്താജിറാവു ഗെയ്ക്‌വാദ്. Photo: X@Mpparimal

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ദത്താജിറാവു ഗെയ്‍ക്‌വാദ് (95) അന്തരിച്ചു. ഇന്ത്യയിലെ പ്രായം കൂടിയ ടെസ്റ്റ് താരമായിരുന്നു. ചൊവ്വാഴ്ച പുലർച്ച ബറോഡയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു ദിവസം മുൻപുവരെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ത്യയ്ക്കായി 11 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാലു മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റനായി. 11 കളികളിൽനിന്ന് 350 റൺസെടുത്തിട്ടുണ്ട്. 1952 ൽ ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെയാണ് ഗെയ്ക്‌വാദ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. 1961 ൽ ചെന്നൈയിൽ നടന്ന പാക്കിസ്ഥാനെതിരായ മത്സരമാണ് ഒടുവിൽ കളിച്ചത്.

1947 മുതൽ 1961 വരെ രഞ്ജി ട്രോഫിയിൽ ബറോഡയുടെ താരമായിരുന്നു. 14 സെഞ്ചറികളുൾപ്പെടെ 3139 റൺസെടുത്തിട്ടുണ്ട്. 2016ലാണ് ഇന്ത്യയിലെ പ്രായം കൂടിയ ക്രിക്കറ്റ് താരമെന്ന റെക്കോർഡിന് ഉടമയായത്. മുൻ ബാറ്റർ ദീപക് ഷൊദാൻ 87–ാം വയസ്സിൽ മരിച്ചപ്പോഴായിരുന്നു ഇത്. മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അൻഷുമാൻ ഗെയ്ക്‌വാദ് മകനാണ്.