2025 മോഡൽ റെനോ ഡസ്റ്റർ | Photo: ICN
ആദ്യകാലങ്ങളില്‍ ലഭിച്ച സ്വീകാര്യതയ്ക്ക് മങ്ങലേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിയേണ്ടിവന്ന വാഹനങ്ങളിലൊന്നാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ഡെസ്റ്റര്‍ എന്ന എസ്.യു.വി. എന്നാല്‍, ഈ പിന്‍മാറ്റം താത്കാലികമാണെന്നും കൂടുതല്‍ കരുത്തോടെ 2025-ല്‍ ഈ വാഹനം മടങ്ങിയെത്തുമെന്നുമാണ് വിലയിരുത്തലുകള്‍. വൈകാതെ തന്നെ യൂറോപ്യന്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ അവതരണത്തിന് മുമ്പ് തന്നെ പുറത്തായിരിക്കുകയാണ്.
ഡാസിയയുടെ പേരിലായിരിക്കും ഈ വാഹനം എത്തുകയെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍ അനുസരിച്ച് റെനോയുടെ മേല്‍വിലാസത്തില്‍ തന്നെയായിരിക്കും പുതിയ ഡസ്റ്റര്‍ എത്തുകയെന്നും ഉറപ്പായി കഴിഞ്ഞു. മുമ്പുണ്ടായിരുന്ന ഡസ്റ്ററില്‍ നിന്ന് വ്യത്യസ്തമായി പുതുതലമുറ ഭാവത്തിലും ഫീച്ചറുകളും ഒരുക്കിയായിരിക്കും പുതിയ മോഡല്‍ എത്തുകയെന്നാണ് ചിത്രങ്ങള്‍ തെളിയിക്കുന്നത്. ഡാസിയയില്‍ നിന്ന് കടംകൊണ്ട ഡിസൈനിലാണ് ഡസ്റ്റര്‍ ഒരുങ്ങിയിരിക്കുന്നത്.
മുഖഭാവത്തില്‍ വലിയ അഴിച്ചുപണിയാണ് ഡസ്റ്ററില്‍ വരുത്തിയിരിക്കുന്നത്. ഡബിള്‍ സ്റ്റാക്ക് ഗ്രില്ലും, മുന്‍ഭാഗം നിറയുന്ന റെനോ ബാഡ്ജിങ്ങും പുതുമയാണ്. താരതമ്യേന വീതി കുറഞ്ഞ ഹെഡ്‌ലാമ്പാണ് ഇതിലുള്ളത്. ഇതിന് നടുവിലൂടെ എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഡി.ആര്‍.എല്ലും നല്‍കിയിട്ടുണ്ട്. മസ്‌കൂലര്‍ ഭാവമുള്ള ആര്‍മര്‍ കിറ്റാണ് എയര്‍ഡാമിന് അകമ്പടിയായി നല്‍കിയിട്ടുള്ളത്. ഇത് സ്‌കിഡ് പ്ലേറ്റായും മാറുന്നുണ്ട്. ഇതിന്റെ താഴെ ഭാഗത്തായി ഫോഗ്‌ലാമ്പും സ്ഥാനം പിടിക്കുന്നുണ്ട്.
മുന്നിലെ ബമ്പറില്‍ തുടങ്ങി വാഹനത്തിന് ചുറ്റിലും നീളുന്ന ബ്ലാക്ക് ഫിനീഷിങ്ങ് ബോഡി ക്ലാഡിങ്ങുകള്‍ വാഹനത്തിന് എസ്.യു.വി. ഭാവം നല്‍കുന്നുണ്ട്. പുതുമയുള്ള ഡിസൈനിലാണ് അഞ്ച് സ്‌പോക്ക് അലോയി വീല്‍ തീര്‍ത്തിരിക്കുന്നത്. പിന്‍ഭാഗത്തെ ഡോര്‍ ഹാന്‍ഡില്‍ പില്ലറിന് സമീപത്തേക്ക് മാറിയിട്ടുണ്ട്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് പിന്‍ഭാഗം ഒരുങ്ങിയിരിക്കുന്നത്. ത്രികോണാകൃതിയിലുള്ള എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പാണ് ഇതിലുള്ളത്. സ്റ്റൈലിഷായി ഒരിങ്ങിയിട്ടുള്ള റിയര്‍ സ്‌പോയിലര്‍, ബമ്പര്‍ തുടങ്ങിയവയും ഹൈലൈറ്റാണ്.
തീര്‍ത്തും പുതുമയുള്ള ലേഔട്ടിലാണ് ഡാഷ്‌ബോര്‍ഡിന്റെ ഡിസൈന്‍. ഫ്രീസ്റ്റാന്റിങ്ങ് ആയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഗിയര്‍ ലിവര്‍ എന്നിവയില്‍ ഈ പുതുമ വ്യക്തമാണ്. ഫുള്‍ ഡിജിറ്റലായാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഒരുക്കിയിട്ടുള്ളത്. ലെതര്‍ ആവരണമുള്ള ഡി കട്ട് സ്റ്റിയറിങ്ങ് വീലും ഡി.ആര്‍.എല്ലിന്റെ ഡിസൈന് സമാനമായ എലമെന്റ് നല്‍കിയിട്ടുള്ള എ.സി. വെന്റും അകത്തളത്തിന് കൂടുതല്‍ അഴകേകുന്നുണ്ട്. ലെഗ്‌റൂം, ഹെഡ്‌റൂം തുടങ്ങിയവയും ഉയര്‍ത്തിയിട്ടുണ്ട്.
സ്‌ട്രോങ്ങ് ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനത്തെ പ്രതീക്ഷിക്കുന്നത്. ഫുള്‍ ഹൈബ്രിഡ് മോഡലില്‍ 94 ബി.എച്ച്.പി. പവര്‍ നല്‍കുന്ന 1.6 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 49 ബി.എച്ച്.പി. പവര്‍ നല്‍കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുമാണ് നല്‍കുന്നത്. ഇലക്ട്രിക് ഓട്ടോമാറ്റിക ഗിയര്‍ബോക്‌സായിരിക്കും ഇതിന് ട്രാന്‍സ്മിഷന്‍ ഒരുക്കുക. ഇതിനൊപ്പം 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോ എന്‍ജിനും നല്‍കും. ആറ് സ്പീഡ് മാനുവലായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
