ബിഹാർ നിയമസഭയിലെത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യം ഉപേക്ഷിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാര്‍ എന്‍.ഡി.എ. സഖ്യത്തിന്റെ ഭാഗമായതിനു പിന്നാലെ തിങ്കളാഴ്ച ബിഹാര്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ്. ഇതിനായി നിയമസഭാ സമ്മേളനം ആരംഭിച്ചു. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയമാണ് നിയമസഭയുടെ പരിഗണനയ്‌ക്കെത്തുക. ഗവര്‍ണര്‍ ആര്‍. അര്‍വേല്‍ക്കര്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ സ്പീക്കര്‍ക്കെതിരായ അവിശ്വാസപ്രമേയം പരിഗണനയ്‌ക്കെടുക്കും.
മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ജെഡിയു-ബിജെപി സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
മറുകണ്ടം ചാടലിനൊടുവില്‍ നിതീഷ് കുമാര്‍ വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കെ വന്‍ നാടകീയതകളാണ് ബിഹാറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ജെഡിയുവിന്റെ ബിജെപിയുടെയും എംഎല്‍എമാരെ കഴിഞ്ഞ ദിവസം റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ആര്‍ജെഡി എംഎല്‍എമാരും ഇടതുപക്ഷ എംഎല്‍എമാരും മുന്‍ മുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടിലാണ് തമ്പടിച്ചത്. ദിവസങ്ങള്‍ക്ക് മുന്നേ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്നലെ രാത്രിയോടെ പട്‌നയിലേക്കെത്തിച്ചിരുന്നു.
ഞായറാഴ്ച രാത്രിയില്‍ തേജസ്വി യാദവിന്റെ വീടിന് മുന്നില്‍ നാടീകയത സൃഷ്ടിച്ച് വന്‍പോലീസ് സന്നാഹം നിലയുറപ്പിച്ചു. അഞ്ച് ജെഡിയു എംഎല്‍എമാരെ കാണാനില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു പോലീസ് സംഘം തേജസ്വിയുടെ വീട്ടിലേക്കെത്തിയത്. ആര്‍ജെഡി എംഎല്‍എ ചേതന്‍ ആനന്ദിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് തേജസ്വിയുടെ വീട്ടിലെത്തിയതെന്നായിരുന്നു പോലീസിന്റെ വിദശീകരണം.
243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 122 സീറ്റുകളാണ് ആവശ്യം. നിലവില്‍ ബി.ജെ.പി.-78, ജെ.ഡി.യു.-45, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച -4, സ്വതന്ത്ര എം.എല്‍.എ. സുമിത് സിങ് എന്നിങ്ങനെ എന്‍.ഡി.എ.യ്ക്ക് 128 സീറ്റുകളുണ്ട്. ആര്‍.ജെ.ഡി. -79, കോണ്‍ഗ്രസ് -19, സി.പി.ഐ (എം.എല്‍) -12, സി.പി.ഐ.എം- 2, സി.പി.ഐ – 2, എ.ഐ.എം.ഐ.എം -1 എന്നിങ്ങനെ പ്രതിപക്ഷത്തിന് 115 സീറ്റുകളാണുള്ളത്.
