കെ.വി തോമസ്.
ഒരു സൊസൈറ്റി ഇലക്ഷന്‍ പോലും നേരിടാതെ 84ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കഥയാണ് മുന്‍ മന്ത്രി കെ.വി. തോമസിന് പറയാനുള്ളത്. കൊച്ചി മേയറായിരുന്നു എഎ കൊച്ചുണ്ണിയെ തോല്‍പ്പിച്ചാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. കന്നി വോട്ടിന്റെയും കന്നിയങ്കത്തിന്റെയും ഓര്‍മകള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.
‘അന്നത്തെ കാലത്ത് 21 വയസിലാണ് വോട്ടവകാശം കിട്ടുക. 22ാമത്തെ വയസിലാണ് ഞാന്‍ തേവര കോളേജില്‍ ജൂനിയര്‍ ലെക്ച്ചറര്‍ ആയി ജോലിക്ക് കയറുന്നത്. 24 വയസില്‍ നന്നേ ചെറിയ പ്രായത്തിലാണ് ഞാന്‍ വിവാഹിതനാവുന്നത്. ആദ്യത്തെ വോട്ട് ഞാന്‍ രേഖപ്പെടുത്തുന്നതും 24ാമത്തെ വയസിലാണ് ഭാര്യയ്‌ക്കൊപ്പം. 1972ല്‍. വടുതലയിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്.
അന്ന് അസംബ്ലിയിലേക്ക് മത്സരിച്ചിരുന്നത് എ.എല്‍ ജേക്കബേട്ടനാണ്. അന്ന് അടുത്തുള്ള സെന്റ് ആന്റണീസ് സ്‌കൂളില്‍ പോയി ഞാന്‍ വോട്ട് ചെയ്തത് അദ്ദേഹത്തിനാണ്. അതുപോലെ പാര്‍ലമെന്റ് ഇലക്ഷനില്‍ എന്റെ ആദ്യ വോട്ട് ഹെന്ററി ഓസ്റ്റിനായിരുന്നു.
ഞാന്‍ ജനിച്ചുവീണത് കുമ്പളങ്ങിയിലാണ്. ഞാനും എന്റെ കുടുംബവും കാലങ്ങളായി കോണ്‍ഗസുകാരാണ്. എന്റെ ഭാര്യയുടെ കുടുംബവും കോണ്‍ഗ്രസുകാരാണ്. ഭാര്യയുടെ അമ്മാവനാണ് കെ.ടി ജോര്‍ജ്. രാഷ്ട്രീയാന്തരീക്ഷം അവരുടെ കുടുംബത്തില്‍ നേരത്തേയുണ്ട്.
അന്ന് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിരുന്നു മത്സരരംഗത്ത്. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ തന്നെ ഭിന്നിപ്പുണ്ടായതും പിന്നീടാണ്. അങ്ങനെ ഭിന്നിപ്പ് വന്ന സമയത്ത് പറമ്പിത്തറ മാഷ് സംഘടനാ കോണ്‍ഗ്രസിലും ജേക്കബേട്ടന്‍ ഇന്ദിരാ കോണ്‍ഗ്രസിലുമായിരുന്നു. പറമ്പിത്തറ മാഷിന് ഞങ്ങളുടെ കുടുംബവുമായി അടുത്ത സൗഹൃദമുണ്ട്. അദ്ദേഹത്തിന് വേണ്ടി എന്റെ അപ്പനടക്കം പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. എന്റെ അപ്പനെയും എന്നെയും എന്റെ സഹോദരനെയുമടക്കം അദ്ദേഹം പഠിപ്പിച്ചിട്ടുമുണ്ട്.
അന്ന് മാനുഷിക ബന്ധങ്ങള്‍ വളരെ കൂടുതലായിരുന്നു. വ്യക്തിബന്ധങ്ങള്‍ക്കായിരുന്നു പ്രാധാന്യം. പോലീസിനോട് ഏറ്റുമുട്ടുന്നതും സമരം ചെയ്യുന്നതിനും അപ്പുറത്തേക്ക് മരണ വീട്ടിലും കല്യാണത്തിനും മാമോദീസക്കുമെല്ലാം ജനപ്രതിനിധികളുടെ സാന്നിധ്യമുണ്ടാവും. ജേക്കബേട്ടനും പറമ്പിത്തറമാഷുമെല്ലാം അങ്ങനെയുള്ളവരാണ്.
84ല്‍ മുപ്പത്തിയേഴാമത്തെ വയസിലാണ് ഞാന്‍ ആദ്യമായി മത്സരിക്കുന്നത്. കൊച്ചി മേയറും തൊഴിലാളി നേതാവ്, പതിനായിരം പടയുടെ നേതാവ് എ.എ കൊച്ചുണ്ണി മാഷായിരുന്നു എതിരാളി. അതേസമയം സൊസൈറ്റി ഇലക്ഷന്‍ പോലും നേരിട്ട ആളല്ല ഞാന്‍. ഒരു സിറ്റിങ്ങ് എം.പിയെ മാറ്റിയാണ് നവാഗതനായ എന്നെ സ്ഥാനാര്‍ഥിയാക്കുന്നത്. അതിന്റെ ടെന്‍ഷന്‍ വേണ്ടുവോളം ഉണ്ടായിരുന്നു. പക്ഷേ അന്ന് കുമ്പളങ്ങിക്കാര്‍ മുഴുവന്‍ എനിക്ക് വോട്ട് ചെയ്തു. ഒരുലക്ഷത്തില്‍ താഴെ വോട്ടിന് ഞാന്‍ ജയിച്ചു. വലിയ ഭൂരിപക്ഷമാണ് അത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജേക്കബേട്ടനാണ് എനിക്ക് സീറ്റ് തരേണ്ട കാര്യത്തില്‍ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
ആറ് പാര്‍ലമെന്റ് ഇലക്ഷനും രണ്ട് അസംബ്ലി ഇലക്ഷനും നേരിട്ട ആളാണ് ഞാന്‍. വീടുകള്‍ കയറിയിറങ്ങിയാണ് അന്നത്തെ പ്രചാരണം മുഴുവന്‍. ഇന്നത്തെ പോലത്തെ ഓപ്പണ്‍ ജീപ്പിലുള്ള പ്രചാരണമൊക്കെ അവസാനമാണ്. സ്ഥാനാര്‍ഥിക്ക് കാറ് പോലുമില്ല. ബസ് കയറിയാണ് പ്രചാരണം നടക്കുന്നിടത്തേക്ക് എത്തിയിരുന്നത്. ഇന്ന് ജനകീയ ബന്ധങ്ങള്‍ കുറവാണ്. 25 വര്‍ഷം മുമ്പാണ് ഞാന്‍ ഒരു ട്രസ്റ്റ് തുടങ്ങുന്നത്. അതീ ബന്ധങ്ങള്‍ കണക്കിലെടുത്താണ്. ഇന്ന് പ്രചരണം പോലും പി.ആര്‍ ഏജന്‍സി വഴിയല്ലേ’-തോമസ് മാഷ് പറയുന്നു.
