മമ്മൂട്ടി നൽകിയ ഒട്ടോഗ്രാഫ്, മമ്മൂട്ടി

വിടപറയുമ്പോള്‍ ഗദ്ഗദപ്പെടുന്ന കണ്ഠനാളത്തിന് ആശ്വാസത്തിന്റെ ലൂബ്രിക്കന്റാണ് ശശീന്ദ്രാ, തന്നെക്കുറിച്ചുള്ള ഓര്‍മകള്‍… എന്തിന് വലിച്ചു നീട്ടുന്നു….

1972 ല്‍ ഒരു കലാലയത്തില്‍ ഒരു സഹപാഠി മറ്റൊരു സഹപാഠിയ്ക്ക് എഴുതിയ ഓട്ടോഗ്രാഫിലെ വരികളാണിത്. ഈ ഓട്ടോഗ്രാഫിന്റെ ഉടമ കൊച്ചി പൊന്നുരുന്നി സ്വദേശിയും അഭിഭാഷകനുമായ എം.കെ ശശീന്ദ്രനാണ്. എഴുതിയ ആള്‍ വൈക്കം സ്വദേശിയായ മുഹമ്മദ്കുട്ടി പി.ഐ. പിന്നീട് അദ്ദേഹം ലോകമറിയുന്ന വലിയ നടനായി, പേര് മമ്മൂട്ടി.

മമ്മൂട്ടി നല്‍കിയ ഒട്ടോഗ്രാഫ് നിധിപോലെ ഇന്നും സൂക്ഷിച്ചിരിക്കുകയാണ് എം.കെ ശശീന്ദ്രന്‍. തന്റെ സുഹൃത്ത് ഇത്രയും വലിയ നടനാകുമെന്നൊന്നും അദ്ദേഹം കരുതിയില്ല. അതില്‍ എഴുതിയിരിക്കുന്ന വാക്കുകളും വാചകങ്ങളുടെ ശക്തിയുമാണ് ശശീന്ദ്രനെ ആകര്‍ഷിച്ചത്. കാമ്പസിലെ ഗോവണിപ്പടികളിലിരുന്ന് കാര്യമായി ഒന്നും ആലോചിക്കാതെ അദ്ദേഹം പെട്ടന്ന് കുത്തിക്കുറിക്കുകയായിരുന്നു.

കാമ്പസില്‍ വരുമ്പോള്‍ മമ്മൂട്ടിയുടെ കയ്യില്‍ ആകെ ഒരു നോട്ട് ബുക്ക് മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് ശശീന്ദ്രന്‍ ഓര്‍ക്കുന്നു. അതില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഒരു പാസ് ഉണ്ടാകും. അതും കൈയ്യില്‍ വച്ച് മമ്മൂട്ടി സ്റ്റൈലായി വന്നിറങ്ങും. ഞാന്‍ ഫൈനലിയര്‍ ബി.എ ക്ലാസില്‍ പഠിക്കുമ്പോള്‍ മമ്മൂട്ടി രണ്ടാം വര്‍ഷ ബി.എ ആയിരുന്നു. നേരില്‍ കാണണമെന്നുണ്ട്. എന്നോട് വരാനും പറഞ്ഞിട്ടുണ്ട്. സൗഹൃദവും സ്‌നേഹവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര- ശശീന്ദ്രന്‍ പറഞ്ഞു.