മിഥുൻ ചക്രവർത്തി
പ്രശസ്ത ബോളിവുഡ് താരം മിഥുൻ ചക്രബർത്തിയെ പക്ഷാഘാതം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇസ്കെമിക് സ്ട്രോക്ക് ആണ് താരത്തിനുണ്ടായതെന്ന് ആശുപത്രി അധികൃതർ പുറത്തുവിട്ടിരുന്നു. നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നലെയാണ് സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിച്ചത്. ന്യൂറോ ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘം നടനെ പരിശോധിച്ച് ആരോഗ്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷാഘാതത്തേക്കുറിച്ചും അതിൽ തന്നെയും ഏറ്റവുമധികം പേരിൽ കാണപ്പെടുന്ന ഇസ്കെമിക് സ്ട്രോക്കിനേക്കുറിച്ചും കൂടുതലറിയാം.
മസ്തിഷ്‌കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്താതിമര്‍ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷാഘാതം പ്രധാനമായും രണ്ട് തരമാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ പ്ലാക്ക അടിഞ്ഞ് കൂടുകയും ഈ പ്ലാക്കുകള്‍ പൊട്ടി അത് രക്തക്കട്ടയായി തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുത്തുന്നു. ഇതിനെ ഇസ്കെമിക് സ്ട്രോക്ക് എന്ന് പറയുന്നു. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും തന്മൂലം പക്ഷാഘാതം സംഭവിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ഇതിനെ ഹെമറേജിക് സ്ട്രോക് എന്ന് വിളിക്കുന്നു.
ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ
സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്ട്രോക്ക്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍, ശരീരത്തിന്റെ ഒരു വശത്തുണ്ടാകുന്ന തളര്‍ച്ച, കൈകാലുകള്‍, മുഖം എന്നിവയ്ക്കുണ്ടാകുന്ന ബലക്ഷയം, നടക്കുന്നതിനുള്ള ബുദ്ധിമുട്ട്, പെട്ടെന്നുണ്ടാവുന്ന തലകറക്കം, അകാരണമായി പെട്ടെന്നുണ്ടാകുന്ന അസഹനീയമായ തലവേദനയും, ഛര്‍ദ്ദിയും എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്ട്രോക്കിന്റെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും. അതിനാല്‍ സ്ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ വിദഗ്ധചികിത്സ ലഭ്യമാക്കേണ്ടതാണ്. എത്രയും വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതുവഴി തലച്ചോറിനുണ്ടാകുന്ന കൂടുതല്‍ ക്ഷതവും, സ്ഥിരമായി ഉണ്ടായേക്കാവുന്ന ശാരീരിക വൈകല്യമോ, അല്ലെങ്കില്‍ മരണം തന്നെയോ പ്രതിരോധിക്കുവാന്‍ സാധിക്കുന്നതാണ്.
ഇസ്കെമിക് സ്ട്രോക്കിന്റെ ചികിത്സകള്‍
മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ
ഈ വിഭാഗത്തില്‍ ഏറ്റവും പ്രാധാന്യമുള്ളത് TPA അഥവാ ടിഷ്യു പ്ലാസ്മിനോജര്‍ ആക്ടിവേറ്റര്‍ വിഭാഗത്തില്‍ പെടുന്ന സട്രെപ്റ്റോകൈനേസ്, ആള്‍ട്ടിപ്ലേസ്, റെക്റ്റിപ്ലേസ്, ടെനക്റ്റിപ്ലേസ് എന്ന മരുന്നുകളാണ്. ഒരു രോഗിക്ക് പക്ഷാഘാതം സംഭവിച്ച് നാലര മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുകയാണെങ്കില്‍ ഈ മരുന്ന് നല്‍കി തലച്ചോറിലെ രക്തക്കുഴലുകളിലെ രക്തക്കട്ടകളെ അലിയിച്ചു കളയാനാകും. പെട്ടെന്നുള്ള ഇത്തരം ചികിത്സകള്‍ രോഗിയുടെ പക്ഷാഘാതത്തില്‍ നിന്നുള്ള അതിജീവനം കൂട്ടുകയും മറ്റ് സങ്കീര്‍ണ്ണതകള്‍ക്കുള്ള അവസരം കുറയ്ക്കുകയും ചെയ്യുന്നു. ചെറിയ ബ്ലീഡിംഗ് സാധ്യതകള്‍ ഉണ്ടെങ്കിലും പക്ഷാഘാതത്തിന് ലോകവ്യാപകമായി പ്രഥമ ചികിത്സ എന്ന നിലയില്‍ ഈ മരുന്നുകള്‍ ഉപയോഗിച്ച് വരുന്നു.
എന്‍ഡോവ്സാകുലര്‍ സര്‍ജറി
ഇസ്കെമിക് സ്ട്രോക്കിന് ആധുനിക കാലഘട്ടത്തില്‍ ലോക വ്യാപകമായി ചെയ്തുവരുന്ന അതിനൂതനമായ ചികിത്സാ രീതിയാണ് എന്റോവാസ്‌കുലര്‍ സര്‍ജറികള്‍. ഇതിന്റെ വലിയ ഒരു മെച്ചം എന്തെന്നാല്‍ സര്‍ജറി എന്ന് പറയുമെങ്കിലും തല ഒന്നും തുറക്കാതെ ചെറിയ അനസ്തേഷ്യയില്‍ കാലിലെ ധമനിയില്‍ ഉണ്ടാകുന്ന താക്കോല്‍ ദ്വാരത്തിലൂടെ കടത്തി വിടുന്ന കത്തീറ്റര്‍ എന്ന ട്യൂബിലൂടെ രക്തക്കട്ടകള്‍ വലിച്ചെടുത്ത് മാറ്റപ്പെടുന്നു എന്നതാണ്. ഇതിലൂടെ രോഗിക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യാം. ഇതോടൊപ്പമുള്ള ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷന്‍ സംവിധാനങ്ങളും കൂടെ ആകുമ്പോള്‍ രോഗി പൂര്‍ണ്ണമായും പക്ഷാഘാതത്തില്‍ നിന്നും മുക്തി നേടുന്നു. വലിയ മുറിവുകള്‍ ഒന്നും രോഗിയുടെ ശരീരത്തില്‍ ഉണ്ടാകുന്നില്ല എന്നതുകൊണ്ട് തന്നെ ഇത്തരം ചികിത്സയില്‍ ആശുപത്രി വാസവും വളരെ കുറവാണ്.
ഇതില്‍ രണ്ട് തരം ചികിത്സകള്‍ ഉണ്ടാ ഒന്നാമതായി കത്തീറ്റര്‍ തലച്ചോറില്‍ എത്തിച്ച് മേല്‍ പറഞ്ഞ TPA മരുന്നുകള്‍ നേരിട്ട് സ്ട്രോക്ക് വന്ന ഭാഗത്തേക്ക് ഇഞ്ചക്റ്റ് ചെയ്യുന്നു. ഇത് മൂലം അവിടെയുള്ള രക്തക്കട്ടകള്‍ വളരെ വേഗം അലിഞ്ഞ് പോകുന്നു. ഈ ചികിത്സ സാധാരണ TPA കൊടുക്കുന്നതിനേക്കാള്‍ വളരെ ഫലപ്രദമാണ്.
ഹെമറേജിക് സ്ട്രോക്കിന്റെ ചികിത്സകള്‍
ഈ ചികിത്സയില്‍ പ്രധാനമായും തലച്ചോറിലെ രക്തസ്രാവത്തെ നിയന്ത്രിക്കുകയും തന്മൂലം തലച്ചോറിലെ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുകയും ചെയ്യുക എന്നുള്ളതാണ്.
അടിയന്തര നടപടികള്‍ അഥവാ എമര്‍ജന്‍സി മെഷേഴ്സ്
ഇതില്‍ പ്രധാനമായും രോഗി ഏതെങ്കിലും തരത്തിലുള്ള രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിന്‍ പോലത്തെ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അവ കണ്ടെത്തി ഇവയുടെ ഫലം കുറയ്ക്കാനുള്ള രക്തഘടകങ്ങള്‍ നല്‍കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് രോഗിയുടെ തലച്ചോറിലെ രക്തസമ്മര്‍ദ്ദം അഥ്വാ ഇന്‍ട്രാകാനിയല്‍ പ്രഷര്‍ കുറയ്ക്കുന്നതിനുള്ള മരുന്നുകളും നല്‍കുന്നു. ഇവ തലച്ചോറിലെ രക്തക്കുഴലുകളുടെ ചുരുക്കം അഥവ സ്പാസം ഒഴിവാക്കുകയും അപസ്മാരം, സന്നി പോലുള്ള സങ്കീര്‍ണ്ണതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
സര്‍ജറി
സി. ടി. സ്‌കാന്‍ അല്ലെങ്കില്‍ എം ആര്‍ ഐ യില്‍ തലച്ചോറിലെ രക്തസ്രാവം വലുതെങ്കില്‍ ഉടനടി അടിയന്തര ശസ്ത്രക്രിയ നടത്തി ആ ഭാഗത്തെ രക്തത്തെ നീക്കുകയും തന്മൂലം തലച്ചോറിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. തലച്ചോറിലെ രക്തസ്രാവം, രക്തക്കുഴലകളിലെ നീര്‍വ്വീക്കം അഥവാ അനയൂറിസം പൊട്ടുന്നത് മൂുലമോ അല്ലെങ്കില്‍ സിരകളുടേയും ധമനികളുടേയും വൈകല്യം (ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍) മൂലവും ആകാം. സ്‌കാനിംഗില്‍ ഇവ കൂടി കാണുകയാണെങ്കില്‍ നീര്‍ വീക്കം വന്ന ഭാഗം ക്ലിപ് ചെയ്യുകയും മറ്റ് വൈകല്യങ്ങളെ നീക്കുകയും ചെയ്യുന്നു.
എന്‍ഡോവാസ്‌കുലര്‍ എംബൊളൈസേഷന്‍/കോയിലിംഗ്
മേല്‍ പറഞ്ഞ നീര്‍വീക്കത്തിന് സര്‍ജറി അല്ലാത്ത ചികിത്സ ആണിത്. കാലിലെ രക്തക്കുഴലിലൂടെ കടത്തിവിടുന്ന കത്തീറ്റര്‍ എന്ന ട്യൂബ് നീര്‍വീക്കമുള്ള രക്തക്കുഴലിന്റെ അടുത്ത് എത്തിച്ച് വളരെ നേര്‍ത്ത കോയിലുകള്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് അവിടെ നിക്ഷേപിക്കുന്നു. തന്മൂലം നീര്‍വീക്കത്തിലേക്കുള്ള രക്തയോട്ടം ഇല്ലാതാകുന്നു.
ജീവിതശൈലിയിൽ മാറ്റംവേണം
സ്ട്രോക്ക് ഒരു ജീവിതശൈലീ രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ചെറുപ്പക്കാരിൽ സ്ട്രോക്ക് അധികമായി കണ്ടുവരുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. പുകവലി, അമിത വണ്ണം, രക്തസമ്മര്‍ദ്ദം, മാനസികസമ്മര്‍ദ്ദം എന്നിവയും ചെറുപ്പക്കാരില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.
