മാരുതി എർട്ടിഗ | Photo: Maruti Suzuki.
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എം.പി.വി.മോഡലായ ഏര്‍ട്ടിഗ വില്‍പ്പനയില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2012-ല്‍ നിരത്തുകളില്‍ എത്തിത്തുടങ്ങിയ എര്‍ട്ടിഗ എം.പി.വിയുടെ 10 ലക്ഷം യൂണിറ്റാണ് ഇക്കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ വിറ്റഴിച്ചതെന്നാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കുന്ന എം.പി.വിയാണ് എര്‍ട്ടിഗയെന്നാണ് മാരുതി അവകാശപ്പെടുന്നത്.
എര്‍ട്ടിഗ സ്വന്തമാക്കുന്നവരില്‍ 41 ശതമാനവും ആദ്യമായി എം.പി.വി. വാങ്ങുന്നവരാണെന്നതാണ് ഏറ്റവും പ്രധാന സവിശേഷതയായി മാരുതി സുസുക്കി ചൂണ്ടിക്കാട്ടുന്നത്. അര്‍ബന്‍-റൂറല്‍ വിപണികളില്‍ ഒരുപോലെ കരുത്തന്‍ സാന്നിധ്യമാകാന്‍ സാധിച്ചിട്ടുള്ള ഈ വാഹനത്തിന് എം.പി.വി. വിപണിയിലെ 37.5 ശതമാനം ഓഹരി വിഹിതവും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ, ഏതാനും വിദേശ രാജ്യങ്ങളിലേക്കും മാരുതി സുസുക്കി എര്‍ട്ടിഗ കയറ്റുമതി ചെയ്യുന്നുണ്ട്.
2012-ലാണ് ഈ വാഹനം ആദ്യമായി വിപണിയില്‍ എത്തുന്നത്. ആദ്യ ഒരുവര്‍ഷത്തില്‍ തന്നെ ഒരുലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ ഈ എം.പി.വിക്ക് സാധിച്ചിരുന്നു. പിന്നീടുള്ള ആറുവര്‍ഷത്തിനുള്ളില്‍ നാല് ലക്ഷം യൂണിറ്റ് കൂടി നിരത്തുകളില്‍ എത്തിച്ച് 2019-ല്‍ അഞ്ച് ലക്ഷം യൂണിറ്റിന്റെ വില്‍പ്പന എന്ന നേട്ടത്തിലെത്തുകയായിരുന്നു. 2020-ല്‍ ആറ് ലക്ഷമായും വില്‍പ്പന ഉയര്‍ത്തുകയായിരുന്നു. പിന്നീടുള്ള നാല് വര്‍ഷത്തില്‍ നാല് ലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കി 10 ലക്ഷം എന്ന മാജിക് നമ്പറും മറികടന്നിരിക്കുകയാണ്.
ഉയര്‍ന്ന ഇന്ധനക്ഷമത, കൂടുതല്‍ സൗകര്യം, കുറഞ്ഞ വില എന്നിവയ്‌ക്കൊപ്പം അഡ്വാന്‍സ്ഡ് ഫീച്ചറുകളുമാണ് എര്‍ട്ടിഗയിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ഏഴ് ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട്‌പ്ലേ പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 40-ല്‍ അധികം കണക്ടഡ് ഫീച്ചറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ കൂള്‍ഡ് കപ്പ് ഹോള്‍ഡേഴ്‌സ്, രണ്ടും മൂന്നും നിരയില്‍ നല്‍കിയിട്ടുള്ള മികച്ച സീറ്റുകള്‍ എന്നിവയാണ് എര്‍ട്ടിഗയെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന ഘടകങ്ങൾ.
ആദ്യഘട്ടത്തില്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് എര്‍ട്ടിഗ എത്തിയിരുന്നതെങ്കിലും ബി.എസ്.6 എന്‍ജിന്‍ മാനദണ്ഡം നടപ്പിക്കിയതിന് പിന്നാലെ ഡീസല്‍ മോഡല്‍ പിന്‍വലിക്കുകയായിരുന്നു. പിന്നീട് പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ വന്നിരുന്നതെങ്കില്‍ വൈകാതെ സി.എന്‍.ജി. ഇന്ധനമായുള്ള എര്‍ട്ടിഗയും വിപണിയില്‍ എത്തിക്കുകയായിരുന്നു.
മാരുതി സുസുക്കിയുടെ നെക്സ്റ്റ് ജെന്‍ കെ-സീരീസ് 1.5 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് വി.വി.ടി. എന്‍ജിനാണ് എര്‍ട്ടിഗ എം.പി.വിക്ക് കരുത്തേകുന്നത്. ഇത് 103 ബി.എച്ച്.പി. പവറും 138 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഇതില്‍ ഒരുങ്ങുന്നുണ്ട്. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള മോഡലിന് 20.51 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കുമ്പോള്‍ സി.എന്‍.ജി. മോഡലിന്റെ മൈലേക് 26.11 കിലോമീറ്ററാണ്.
