പി.സി വിഷ്ണുനാഥ് എം.എൽ.എ.

തിരുവനന്തപുരം: യുവാക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ വരാതിരിക്കാന്‍ കാരണം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളാണെന്ന് തുറന്നടിച്ച് പി.സി വിഷ്ണുനാഥ് എം.എല്‍.എ. യുവാക്കളെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്ന കാര്യത്തിൽ ഉമ്മന്‍ചാണ്ടി മാതൃകയാണെന്നും മാതൃഭൂമി അക്ഷരോത്സവത്തിലെ സംവാദത്തില്‍ വിഷ്ണുനാഥ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലം സാക്ഷി എന്ന ആത്മകഥ വിഷയമാക്കിയായിരുന്നു സംവാദം.

യുവാക്കള്‍ വന്നോട്ടെ എന്നു കരുതാനുള്ള ആത്മവിശ്വാസം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഇന്ദിരാഗാന്ധിയെ പോലുള്ള നേതാക്കളുള്ള കാലത്ത് വയലാര്‍ രവി 32-ാം വയസില്‍ പ്രവര്‍ത്തക സമിതിയില്‍ വന്നു. ഉമ്മന്‍ചാണ്ടി പല സ്ഥലങ്ങളിൽ നിന്നാണ് ഞങ്ങളെയൊക്കെ കണ്ടെത്തി നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്നത്. അല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്ക് നേതാവോ എം.എല്‍.എയോ ആവാന്‍ കഴിയുമായിരുന്നില്ല. ഒട്ടേറെ ചെറുപ്പക്കാരെ കൊണ്ടുവരുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചു.

2011-ല്‍ ഉമ്മന്‍ചാണ്ടിക്ക് ഫെയ്‌സ്ബുക്കില്‍ പത്തു ലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്നു. ഏറ്റവും ചെറുപ്പക്കാരായവരോടു പോലും സംവേദിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹമെന്നു തെളിയിക്കുന്നതാണ് ഇതൊക്കെ. ഇപ്പോഴുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അവരുടെ കാര്യത്തില്‍ തന്നെ ആത്മവിശ്വാസം വന്നിട്ടില്ല – വിഷ്ണുനാഥ് വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നല്ല നേതാക്കളുണ്ട്. മുതിര്‍ന്ന നേതാക്കളുടെ അവഗണനയെ അതിജീവിക്കാനുള്ള മുന്നേറ്റം പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നു പറയാനാവില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമായതിനാല്‍ പൊതുവേദിയില്‍ പറയുന്നില്ല – വിഷ്ണുനാഥ് വ്യക്തമാക്കി.

നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള ശേഷി പഴയ തലമുറയ്ക്ക് ഉണ്ടായിരുന്നുവെന്ന് കാലം സാക്ഷിയുടെ എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു. ഡല്‍ഹിയില്‍ പിടിയുള്ളവരുടെ കൂടെ നിന്നാല്‍ മതിയെന്നാണ് ഇന്നത്തെ സ്ഥിതി. പഴയ തലമുറയുടെ അസ്തമയത്തോടെയാണ് കെ.കരുണാകരന്‍, ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരൊക്കെ വന്നത്. എം.എ.ജോണിനെപ്പോലുള്ളവര്‍ ഈ തലമുറയെ ആശയപരമായും ആദര്‍ശപരമായും വളര്‍ത്തിയെടുക്കുന്നതില്‍ പങ്കുവഹിച്ചു. വിദ്യാര്‍ഥി സമരക്കാരെ പോലീസ് അടിച്ചമര്‍ത്തുമ്പോള്‍ ലാത്തി പുല്ലാങ്കുഴലല്ല എന്നായിരുന്നു ഇ.എം.എസിന്റെ ന്യായീകരണം. കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്ന് ഇ.എം.എസിന്റെ മുഖത്തു നോക്കി പറയാന്‍ ഉമ്മന്‍ചാണ്ടി ധൈര്യം കാട്ടി.

വിപ്ലവവീര്യം തുടിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ വയലാര്‍ രവിയും ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെ പരിശ്രമിച്ചു. അതിന് അനുരൂപമായിട്ടുള്ള വളര്‍ച്ച പിന്നീട് കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. സ്ലേറ്റിനും പെന്‍സിലിനും വില കൂടിയാല്‍ മിണ്ടിയാല്‍ മതിയെന്നു കെ. എസ് യുക്കാരോടു പറയുന്ന നേതാക്കളാണ് ഉള്ളത്. വിഷ്ണുനാഥിന്റെ തലമുറ ഉമ്മന്‍ചാണ്ടിയെ പാഠമാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഇതുപോലെ ദുരന്തകാലം ഉണ്ടാവുമായിരുന്നില്ലെന്നും സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.