ശശി തരൂർ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയാവുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ മുന്നിലുള്ളത്. ബി.ജെ.പി.യെ താഴെ ഇറക്കാനാണ് ശ്രമം. എം.പി. സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. അതു കഴിഞ്ഞ് മറ്റ് ചര്‍ച്ചകള്‍ വരികയാണെങ്കില്‍, ജനം ആവശ്യപ്പെട്ടാല്‍ ആലോചിക്കാം.-തരൂര്‍ പറഞ്ഞു.

ഇന്ത്യന്‍ ദേശീയതയെ തിരുത്തി എഴുതാനുള്ള ശ്രമമാണ് കഴിഞ്ഞ പത്തുവര്‍ഷമായി നടക്കുന്നത്. നമ്മള്‍ ഇന്ത്യന്‍ പൗരനായിരിക്കുന്നതിന്റെ അടിസ്ഥാനം ഇന്ത്യന്‍ ഭരണഘടനയാണ്. ക്രിക്കറ്റും ഫുട്‌ബോളും ദേശീയതയുടെ ഭാഷയാണെന്ന് പറയുന്നു. യഥാര്‍ഥത്തില്‍ ഭരണഘടനയാണ് നമ്മളില്‍ ഇന്ത്യയെന്നെ ബോധമുണ്ടാക്കേണ്ടത്.

യൂണിറ്റി എന്നാല്‍ യൂണിഫോമിറ്റിയല്ല. ഒരു ഇന്ത്യ, ഒരു ഭാഷ, ഒരു ദൈവം, ഒരു നേതാവ് എന്നെല്ലാം പറയുന്നതല്ല ഏകത്വം. ഇന്ത്യ എന്ന് ചിന്തിച്ചാല്‍പ്പോരേ, ഓരോ സംസ്ഥാനങ്ങളുടെ കാര്യം എന്തിന് പറയണം എന്ന ചോദ്യം ഇപ്പോഴേ ഉയര്‍ന്നുതുടങ്ങി. ഹിന്ദി സംസ്ഥാനങ്ങളില്‍നിന്ന് പരമാവധി സീറ്റ് കിട്ടുംവിധം മണ്ഡലങ്ങളുടെ എണ്ണം കൂട്ടുന്നതാണ് ബി.ജെ.പിയുടെ അജണ്ട. വോട്ട് വ്യക്തിപരമാണെങ്കിലും ജാതി ഗ്രൂപ്പുകള്‍ അതിനെ തീരുമാനിക്കുന്ന അവസ്ഥയുണ്ട്. എന്നാല്‍ ഇത്തരം ജാതി വിഭജനങ്ങള്‍ക്കുപകരം ഹിന്ദുമതം എന്ന ഒറ്റ ഗ്രൂപ്പുണ്ടാക്കി ഒന്നിച്ച് വോട്ടു നേടാനാണ് ബി.ജെ.പി.യുടെ ശ്രമം.

ഭാവിയില്‍ നമ്മുടെ രാജ്യമെങ്ങനെയാകണം എന്ന് തീരുമാനിക്കാനുള്ള നമ്മുടെ അവകാശം നമ്മുടെ വോട്ടാണ്. നമുക്കിഷ്ടമില്ലാത്തവരെ ഒഴിവാക്കാനാവണം. പ്രധാനമന്ത്രി ഇവിടെ പ്രാണപ്രതിഷ്ഠയ്ക്ക് പോവുകയാണ്. ഒരു മതത്തില്‍പ്പെട്ടയാള്‍ക്കും ആ മതത്തില്‍പ്പെട്ടയാളായതുകൊണ്ട് ഒരു അവകാശവും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാവരുത്, തരൂര്‍ പറഞ്ഞു. റീഇമാജിന്‍ ഇന്ത്യ എന്ന സെഷനില്‍ മാധ്യമ പ്രവര്‍ത്തകനായ വര്‍ഗീസ് കെ. ജോര്‍ജ് മോഡറേറ്ററായി.