ശരത്

തിരുവനന്തപുരം∙ മലയൻകീഴിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ ബീയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. കാരങ്കോട്ട്കോണം സ്വദേശി ശരത് (24) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ അഖിലേഷ് എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബീയർക്കുപ്പി പൊട്ടിച്ച് യുവാക്കളെ കുത്തിയ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണു സംഭവം.

സമീപത്തെ ക്ഷേത്രത്തില്‍ കഴിഞ്ഞവർഷം നടന്ന ഉത്സവത്തിൽ മൈക്ക് സെറ്റ് കെട്ടിയതുമായി ബന്ധപ്പെട്ട് മദ്യപാനത്തിനിടെ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ സമീപവാസിയായ രാജേഷ് ഇവിടേക്ക് എത്തി. പിന്നീട് രാജേഷും അരുണും തമ്മിൽ തർക്കമുണ്ടാവുകയും രാജേഷിനെ അരുൺ മർദിക്കുകയും ചെയ്തു. ഇത് ചോദിക്കാനെത്തിയ രാജേഷിന്റെ ബന്ധുക്കളായ ശരത്, അഖിലേഷ് എന്നിവരെ ബീയർക്കുപ്പി കൊണ്ടു കുത്തുകയായിരുന്നു.