എസ്.ശ്രീശാന്ത്.
തിരുവനന്തപുരം: മലയാളി കായികതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലേയ്ക്കുള്ള വഴിയില്‍ തടസ്സമുണ്ടോ. ഉണ്ടെങ്കില്‍ അതെന്താണ്? ആരാണ്? നാല് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ തേടിയത് ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്, ഫുട്ബോള്‍താരം ജോപോള്‍ അഞ്ചേരി, ബാസ്‌ക്കറ്റ്ബോള്‍ താരം ഗീതു അന്ന ജോസ്, വോളിബോള്‍ താരം കിഷോര്‍കുമാര്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മലയാളി അകത്തോ പുറത്തോ എന്ന സംവാദം നിയന്ത്രിച്ചത് ഗ്രന്ഥകാരനും കായികലേഖകനും മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററുമായ എം.പി.സുരേന്ദ്രനും.
ക്രിക്കറ്റില്‍ രണ്ട് സെഞ്ചുറി നേടിയാല്‍ ഉത്തരേന്ത്യന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലെത്താം. എന്നാല്‍, ഒരു കേരള താരത്തിന് ദേശീയ ടീമിലെത്താന്‍ അഞ്ച് സെഞ്ച്വറി നേടണമെന്ന് എസ്. ശ്രീശാന്ത് പറഞ്ഞു. ദക്ഷിണേന്ത്യന്‍ താരങ്ങള്‍ കഷ്ടപ്പെട്ടാല്‍ മാത്രമേ ദേശീയ ടീമിലെത്തുകയുള്ളൂ. അത് നല്ലതാണ്. നമ്മുടെ പ്രകടനം ഉത്തേരേന്ത്യക്കാരേക്കാള്‍ മികച്ചതാക്കിയാല്‍ ടീമിലെത്താം. സഞ്ജു സാംസണ്‍ മികച്ച ഉദാഹരണമാണ്. കേരളത്തില്‍ നിന്നും ഇനി ഉദിച്ചുയരാന്‍ പോകുന്ന താരം വിഷ്ണു വിനോദാണ്. വിഷ്ണുവും രോഹനും സച്ചിന്‍ ബേബിയും ബേസിലുമെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. രഞ്ജിയില്‍ സഞ്ജു ഒരു സെഞ്ചുറി കൂടി നേടിയാല്‍ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കപ്പെട്ടേക്കാം. എനിക്ക് കഴിയാത്തത് സഞ്ജുവിന് കഴിയും. മൂന്ന് മലയാളികള്‍ക്കൊപ്പമെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂം പങ്കിടണം എന്നത് ആഗ്രഹമായിരുന്നു. എന്നാല്‍, അതെനിക്ക് കഴിഞ്ഞില്ല. സഞ്ജുവിന് അത് സാധിക്കും-ശ്രീശാന്ത് പറഞ്ഞു.
2013ല്‍ കോഴ വിവാദമുണ്ടായപ്പോള്‍ തനിക്ക് ആദ്യമായി ഒരു മെസ്സേജ് അയച്ചത് വീരേന്ദര്‍ സെവാഗാണെന്ന് ശ്രീശാന്ത് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 2013 മുതല്‍ 2020 വരെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ തന്നെ കൂടുതല്‍ കരുത്തനാക്കിയെന്നും അന്ന് പിന്തുണച്ച കേരളത്തിലെ ജനങ്ങളോടും മാതൃഭൂമിയോടും നന്ദിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
ഒരുകാലത്ത് കേരളത്തിന്റെ നമ്പര്‍ വണ്‍ ഗെയിമായിരുന്ന വോളിബോള്‍ കളിക്കാന്‍ ഇന്ന് കുട്ടികള്‍ വരുന്നില്ലെന്ന് കിഷോര്‍കുമാര്‍ പറഞ്ഞു. ഇന്ന് മലയാളികളുടെ പ്രധാന സ്‌പോര്‍ട്‌സ് തീറ്റയാണ്. കുട്ടികളെ മാതാപിതാക്കള്‍ സ്‌പോര്‍ട്‌സിന് വിടുന്നില്ല. മൊബൈല്‍ ഗെയിമുകളിലാണ് ഇന്ന് കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സിന് വിടുന്നില്ല. മൊബൈല്‍ ഗെയിമുകളിലാണ് ഇന്ന് കുട്ടികള്‍ക്ക് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. ”എന്റെ സുഹൃത്ത് ഒരു ദിവസം ചോദിച്ചു നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍ എന്ത് ചെയ്യും? ഞാന്‍ പറഞ്ഞു, ആദ്യം ചെയ്യുക പ്രഷറും ഷുഗറുമില്ലാത്ത വീടുകൾക്ക് സബ്‌സിഡി നല്‍കുകയാവും. വീട്ടില്‍ ഒരു സ്‌പോര്‍ട്‌സ് താരമുണ്ടെങ്കില്‍ ഗ്യാസിന് സബ്‌സിഡി, ഇന്ത്യയ്ക്കുവേണ്ടി കളിച്ചാല്‍ ഗ്യാസും വൈദ്യുതിയും ഫ്രീ. ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നാല്‍ എല്ലാ അമ്മമാരും മക്കളെ രാവിലെ തന്നെ ചവിട്ടി എഴുന്നേല്‍പിച്ച് കളിക്കാന്‍ വിടും. അങ്ങനെ സ്പോര്‍ട്സില്‍ കേരളവും ഇന്ത്യയും വളരും-കിഷോര്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ കളിച്ചിരുന്ന അത്രയും മത്സരങ്ങള്‍ പോലും ഇന്നത്തെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ബാസ്‌ക്കറ്റ്ബോള്‍ ടീം ക്യാപ്റ്റന്‍ ഗീതു അന്ന ജോസ് പറഞ്ഞു.
2014 ല്‍ മരിക്കാന്‍ തുടങ്ങിയ ഇന്ത്യന്‍ ഫുട്‌ബോളിന് ഐഎസിഎല്ലിന്റെ വരവ് ഫുട്‌ബോളിന് പുത്തന്‍ ഉണര്‍വ് നല്‍കിയെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജോ പോള്‍ അഞ്ചേരി പറഞ്ഞു. കേരള സര്‍ക്കാരും സ്‌പോര്‍ട്‌സ് മന്ത്രിയുടെ ഫുട്‌ബോളിന് വളര്‍ച്ചയ്ക്കായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
