ഇന്ത്യൻ ക്യാപ്റ്റൻ ഉദയ് സഹറാനും (ഇടത്) ഓസ്ട്രേലിയൻ ക്യാപ്റ്റൻ ഹ്യൂ വീജെന്നും അണ്ടർ 19 ലോകകപ്പ് ട്രോഫിക്കൊപ്പം.

ജൊഹാനസ്ബർഗ് ∙ ഏതു ഫോർമാറ്റിലും, ഏതു പ്രായവിഭാഗത്തിലും ലോക ക്രിക്കറ്റിലെ ഏറ്റവും കടുപ്പമുള്ള പരീക്ഷണം ഒന്നേയുള്ളൂ; ഐസിസി ടൂർണമെന്റുകളുടെ ഫൈനലിൽ ഓസ്ട്രേലിയയെ നേരിടുക. 3 മാസം മുൻപ് നാട്ടിൽ നടന്ന ഏകദിന ലോകകപ്പിൽ സീനിയർ ടീം ഫൈനലിൽ വീണതിന്റെ വേദന മായും മുൻപേ, അതേ ഫോർമാറ്റിൽ, അതേ എതിരാളികൾക്കെതിരെ ഇന്ത്യൻ കൗമാരപ്പട മറ്റൊരു കലാശപ്പോരിന് ഇറങ്ങുന്നു.

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ഓസ്ട്രേലിയയെ നേരിടുമ്പോൾ ഇരുടീമും ഏറ്റുമുട്ടിയ ആവേശപ്പോരാട്ടങ്ങൾ ആരാധകരുടെ ഓർമയിൽ തെളിയുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിൽ തത്സമയം ഐസിസി ടൂർണമെന്റുകളുടെ ഫൈനലിൽ ഇതുവരെ 5 തവണയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയത്. കഴിഞ്ഞവർഷം നടന്ന ലോകകപ്പും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും അടക്കം 3 വിജയങ്ങൾ ഓസീസിന്റെ അക്കൗണ്ടിലുള്ളപ്പോൾ ഇന്ത്യയുടെ 2 ഫൈനൽ വിജയങ്ങളും അണ്ടർ 19 ലോകകപ്പിലായിരുന്നു. കൗമാര ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ‘സക്സസ്ഫുൾ’ ടീമായ ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത് ആറാം കിരീടം.

ഇതുവരെ 9 തവണ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിനു പിന്നിലുള്ളത് ആറാം ഫൈനൽ കളിക്കുന്ന ഓസീസ്. എന്നാൽ കൗമാര ലോകകപ്പ് ഇതുവരെ നിലനിർത്താനായിട്ടില്ലെന്ന ചരിത്രമാണ് ഇത്തവണ ഇന്ത്യയ്ക്ക് തിരുത്താനുള്ളത്.

PLAYERS TO WATCH

മികച്ച വ്യക്തിഗത പ്രകടനങ്ങളാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും കുതിപ്പിന് കരുത്തായത്.

ഉദയ് സഹറാൻ

മിഡിൽ ഓർഡർ ബാറ്ററായ ഇന്ത്യൻ ക്യാപ്റ്റൻ ഉദയ് സഹറാനാണ് ടൂർണമെന്റിലെ ടോപ് സ്കോറർമാരിൽ മുന്നിൽ. 6 മത്സരങ്ങളിൽനിന്ന് 64.83 ശരാശരിയിൽ 389 റൺസ്. ഒരു സെഞ്ചറിയും 3 അർധ സെഞ്ചറിയും നേടിയ ക്യാപ്റ്റൻ നിർണായക ഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനുമായി.

മുഷീർ ഖാൻ

ഈ ലോകകപ്പിൽ 2 സെഞ്ചറി നേടിയ ഏകതാരമായ മുഷീർ ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്തുണ്ട് (338). ബാറ്റിങ് ശരാശരി 67.60. മധ്യ ഓവറുകളിൽ അടക്കം ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗം കൂട്ടുന്നത് 100ന് മുകളിൽ സ്ട്രൈക്ക് റേറ്റുള്ള മുഷീറിന്റെ ഇന്നിങ്സുകളാണ്.

സൗമി പാണ്ഡെ

ഫൈനലിൽ ഓസ്ട്രേലിയൻ ബാറ്റർമാർ ഏറ്റവും വലിയ പരീക്ഷണം നേരിടുക ഇന്ത്യയുടെ ഇടംകൈ സ്പിന്നർ സൗമി പാണ്ഡെയിൽനിന്നാകും. 6 മത്സരങ്ങളിൽ നിന്നു 17 വിക്കറ്റുമായി തിളങ്ങിയ താരം റൺസ് വഴങ്ങിയത് 2.44 ഇക്കോണമിയിൽ. 2 വിക്കറ്റ് കൂടി നേടിയാൽ ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയി‌ൽ പാണ്ഡെയ്ക്ക് മുന്നിലെത്താം.

ഹാരി ഡിക്സൻ

മധ്യനിര ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷയെങ്കിൽ ഓസീസിന്റെ കരുത്ത് ഓപ്പണിങ്ങിലാണ്. 6 മത്സരങ്ങളിൽനിന്ന് 267 റൺസ് നേടിയ ഇടംകൈ ബാറ്റർ ഹാരി ഡിക്സനാണ് ടൂർണമെന്റിൽ ഓസീസിന്റെ ടോപ് സ്കോറർ. പേസിനും സ്പിന്നിനുമെതിരെ മികച്ച ബാറ്റിങ് റെക്കോർഡാണ് ഡിക്സനുള്ളത്.

ടോം സ്ട്രാക്കർ

അണ്ടർ 19 ലോകകപ്പ് സെമിയിൽ പാക്കിസ്ഥാന്റെ പ്രതീക്ഷകൾ തച്ചുടച്ചത് ഓസീസിന്റെ വലംകൈ പേസർ ടോം സ്ട്രാക്കറാണ്. സെമിയിൽ മാത്രം 6 വിക്കറ്റു നേടിയ താരം ടൂർണമെന്റിൽ ഇതുവരെ 12 വിക്കറ്റുകൾ വീഴ്ത്തി. ഉയരത്തിന്റെ അനുകൂല്യം മുതലെടുത്തുള്ള ബൗൺസറുകളാണ് പ്രധാന ആയുധം.