1) നവാസ് ഷരീഫ് 2) ഇമ്രാൻ ഖാൻ.
ന്യൂഡൽഹി ∙ പാർട്ടികളാരും ജയിക്കാത്ത തിരഞ്ഞെടുപ്പാണു പാക്കിസ്ഥാനിൽ നടന്നത്. എന്നാൽ, ഒരു പരാജിതനുമുണ്ട് – പട്ടാളം. തങ്ങൾ വളർത്തിക്കൊണ്ടുവന്ന ഇമ്രാനെ കൈവിട്ട് അദ്ദേഹത്തിന്റെ ബദ്ധശത്രു നവാസിനെ പിന്നിൽനിന്നു തുണച്ചുകൊണ്ടാണ് പട്ടാളം ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയക്കളി കളിച്ചത്.
ആദ്യം അവർ ഇമ്രാനെ അധികാരത്തിൽനിന്നു പുറത്താക്കി. ജനങ്ങൾ പ്രതിഷേധിച്ചു. തുടർന്നു വിവിധ കേസുകളിൽ അദ്ദേഹത്തെ കുടുക്കി. ആദ്യഘട്ടങ്ങളിൽ കോടതികൾ ഇമ്രാനെ തുണച്ചെങ്കിലും ഒടുവിൽ കൈവിട്ടു. അതോടെ പ്രതിഷേധം ശക്തവും അക്രമാസക്തവുമായി. സൈന്യത്തിന്റെ റാവൽപിണ്ടിയിലെ ആസ്ഥാനം വരെ ആക്രമിക്കപ്പെട്ടു. കോർ കമാൻഡറുടെ വസതിക്കു തീയിട്ടു.
തിരഞ്ഞെടുപ്പു വന്നതോടെ ഇമ്രാന്റെ പാർട്ടിയെ നിരോധിച്ചു, പാർട്ടി ചിഹ്നം മരവിപ്പിച്ചു. ഇമ്രാന്റെ അനുയായികൾ സ്വതന്ത്രരായി വിവിധ ചിഹ്നങ്ങളിൽ മത്സരിച്ചു. വോട്ടർമാർ അവരുടെ യോഗങ്ങളിൽ തടിച്ചുകൂടി. ഇമ്രാന്റെ നാമനിർദേശപത്രിക തള്ളി. പക്ഷേ, വോട്ടെണ്ണി വന്നപ്പോൾ മിക്കയിടങ്ങളിലും വോട്ടർമാർ ഇമ്രാന്റെ സ്വതന്ത്രർക്ക് വോട്ടുചെയ്തതായി കണ്ടുതുടങ്ങി. അതോടെ വോട്ടെണ്ണൽ നിർത്തിവച്ച് അധികൃതർ തിരിമറികളാരംഭിച്ചു. ജയിച്ചുവരികയായിരുന്ന പലരും തോറ്റുതുടങ്ങി. എന്നിട്ടും പൊതുചിഹ്നത്തിൽ മത്സരിച്ച പാർട്ടികളെക്കാൾ കൂടുതൽ സീറ്റുകൾ ഇമ്രാന്റെ സ്വതന്ത്രർ നേടി. ഇതോടെ പാക്ക് ജനാധിപത്യ നാടകത്തിലെ ഒരു രംഗം കൂടി കഴിഞ്ഞു. ചട്ടങ്ങൾ ഉപയോഗിച്ചുള്ള ഒരു കളിയാവും അടുത്ത രംഗം.
നവാസിന്റെ പാർട്ടിയും ഭൂട്ടോകുടുംബത്തിന്റെ പാർട്ടിയും ചേർന്നു ഭരണമുണ്ടാക്കാനാണു ശ്രമം. ഏതാനും സ്വതന്ത്രരെയും കൂട്ടുപിടിച്ചേക്കും. ഇമ്രാന്റെ സ്വതന്ത്രർ ഒരുമിച്ചുകൂടി ചെറുപാർട്ടികളെയും മറ്റു സ്വതന്ത്രരെയും കൂട്ടി ഭരണമുണ്ടാക്കിക്കൂടേ? അവിടെയാണ് ചട്ടങ്ങൾകൊണ്ടുള്ള കളി വരാൻ പോകുന്നത്.
സ്വതന്ത്രരായി ജയിച്ചവർ 3 ദിവസത്തിനുള്ളിൽ നിലവിലുള്ള ഏതെങ്കിലും ഒരു പാർട്ടിയിൽ ചേരണമെന്നാണു ചട്ടം. അതായത് നവാസിനോ ഭൂട്ടോ കുടുംബത്തിന്റെ പാർട്ടിക്കോ അടുത്ത ദിവസങ്ങളിൽ സ്വതന്ത്ര എംപിമാരെ ചാക്കിട്ടുപിടിക്കാം. ഔദ്യോഗികമായി ‘പാർട്ടി’ അല്ലാത്ത ഇമ്രാൻ പക്ഷക്കാർക്ക് അതിന് അവകാശമില്ല.
60 സീറ്റുകൾ വനിതകൾക്കും 10 സീറ്റുകൾ മതന്യൂനപക്ഷങ്ങൾക്കുമായി നീക്കിവച്ചിട്ടുണ്ട്. ഓരോ പാർട്ടിയും ഓരോ പ്രവിശ്യയിൽ നേടിയ സീറ്റെണ്ണത്തിന്റെ അനുപാതത്തിൽ അവർക്ക് ആ സീറ്റുകൾ വീതിച്ചെടുക്കാം. അവിടെയും ‘പാർട്ടി’ അല്ലാത്ത ഇമ്രാന് ഒന്നും ചെയ്യാനാവില്ല. പട്ടാളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പാക്കിസ്ഥാനിൽ ഒരു തമാശയുണ്ട്. ഒരു യുദ്ധം പോലും അവർ ജയിച്ചിട്ടില്ല. എന്നാൽ ഒരു തിരഞ്ഞെടുപ്പിലും അവർ തോറ്റിട്ടില്ല. ഇക്കുറി അവിടെയും തോറ്റോ?
