തിരുവനന്തപുരം∙ എൽഡിഎഫിൽ ലോക്സഭാ സീറ്റ് വിഭജനത്തിൽ ധാരണയായി. ലോക്സസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റിൽ സിപിഎം മത്സരിക്കും. നാല് സീറ്റിൽ സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസും (എം) മത്സരിക്കും. നാല് സീറ്റിൽ സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസും (എം) മത്സരിക്കും. കോട്ടയം സീറ്റിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്നത്. ഒരു സീറ്റ് കൂടിവേണമെന്ന കേരള കോൺഗ്രസ് (എം) ആവശ്യം പരിഗണിച്ചില്ല. ആർജെഡിയും സീറ്റ് ആവശ്യപ്പെട്ടു. 1952 മുതൽ സോഷ്യലിസ്റ്റുകൾ പാർലമെന്റിലേക്ക് മത്സരിക്കുന്നുണ്ടെന്ന് നേതാക്കൾ എൽഡിഎഫ് യോഗത്തിൽ ചൂണ്ടിക്കാട്ടി. സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കാനും മുന്നണി തീരുമാനിച്ചു.
കഴിഞ്ഞ തവണ ആകെയുള്ള 20 സീറ്റിൽ 19 എണ്ണവും യുഡിഎഫാണ് നേടിയത്. ആലപ്പുഴയില്‍ മാത്രമാണ് എൽഡിഎഫിനു വിജയിക്കാനായത്. പരമാവധി സീറ്റുകൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ലോക്സഭാ സീറ്റ് ചർച്ചകൾക്കായി സിപിഐയുടെ നേതൃയോഗങ്ങൾ തുടരുകയാണ്. സിപിഎം സംസ്ഥാന കമ്മിറ്റി നാളെ യോഗം ചേരും. കോട്ടയത്ത് കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി തോമസ് ചാഴിക്കാടനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ.വാസവനാണ് മത്സരിച്ചത്. കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്കെത്തിയ സാഹചര്യത്തിലാണ് കോട്ടയം സീറ്റ് കൈമാറുന്നത്.
സിപിഐക്ക് തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താനായിട്ടില്ല. പന്ന്യന്‍ രവീന്ദ്രൻ മത്സരിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചു. മാവേലിക്കരയിൽ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അരുൺകുമാറും, വയനാട്ടിൽ സിപിഐ ദേശീയ നിർവാഹ സമിതി അംഗം ആനിരാജയും തൃശൂരിൽ വി.എസ്.സുനിൽകുമാറും മത്സരിക്കുമെന്ന് പ്രചാരണമുണ്ട്. സിപിഎം മുതിർന്ന നേതാക്കളെ മത്സരംഗത്തിറക്കാൻ സാധ്യതയുണ്ട്.
