അപ്രിയ സത്യങ്ങളും പറയേണ്ടതുണ്ട് എന്ന സെഷനിൽ മുൻ മന്ത്രി ജി. സുധാകരൻ സംസാരിക്കുന്നു.

തിരുവനന്തപുരം: ബാലചന്ദ്രന്‍ ചുള്ളിക്കാടും ശ്രീകുമാരന്‍ തമ്പിയും മുന്നോട്ട് വെച്ച അഭിപ്രായങ്ങളോട് പ്രതികരിച്ചതില്‍ കെ.സച്ചിദാനന്ദന് ഒരുപാട് ഗുരുതരമായ അബദ്ധങ്ങള്‍ പറ്റിയെന്ന് മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ അപ്രിയ സത്യങ്ങളും പറയേണ്ടതുണ്ട് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലചന്ദ്രന്‍ ചുള്ളിക്കാട് സര്‍ഗധനനായ എഴുത്തുകാരനാണ്. സീരിയല്‍, സിനിമാ താരങ്ങള്‍ക്ക് ദശലക്ഷങ്ങള്‍ പ്രതിഫലം കിട്ടുമ്പോള്‍ കവികള്‍ക്ക് നാമമാത്ര പ്രതിഫലമാണ് നല്‍കുന്നതെന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. അദ്ദേഹം ഇപ്പോള്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ട്. അത് അദ്ദേഹത്തിന് പറ്റിയ ഇടവുമല്ല. ശബ്ദവും പറ്റിയതല്ല. പക്ഷേ, അദ്ദേഹം കവികളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിഷയം വളരെ പ്രസക്തമായിരുന്നു. പരിപാടികള്‍ക്ക് വിളിച്ചാല്‍ നമ്മള്‍ പോകുക തന്നെ വേണം. അതിന് വേണ്ട പ്രതിഫലം നല്‍കുകയും വേണം.

പ്രതിഫല വിഷയം കൈകാര്യം ചെയ്തത് താനല്ലെന്നും അക്കാദമി സെക്രട്ടറി അബൂബക്കറാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ചെയര്‍മാന്‍ അറിയാതെയാണോ സെക്രട്ടറി കാര്യങ്ങള്‍ ചെയ്യുന്നത്. അബൂബക്കര്‍ ആരാണ്. സി.എച്ച്. കണാരന്‍ പാര്‍ട്ടിയില്‍ കൊണ്ടുവന്ന ആളാണ്. അദ്ദേഹം കവിത എഴുതുന്ന ആളുമാണ്. ചിന്തയുടെ മാനേജരുമായിരുന്നു. അഴിമതിക്കാരനുമല്ല. അദ്ദേഹത്തിനെ ഇതിലേക്ക് സച്ചിദാനന്ദന്‍ കൊണ്ടുവന്നു.

കേരളഗാന വിഷയത്തിലും അദ്ദേഹത്തിന് വീഴ്ച പറ്റി. സച്ചിദാനന്ദനേക്കാള്‍ പ്രതിഭയുള്ള ആളാണ് ശ്രീകുമാരന്‍ തമ്പി. കവിതകളും സിനിമാഗാനങ്ങളും വളരെ മനോഹരമാണ്. സച്ചിദാനന്ദന്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച ആളാണ്. അവിടെ പോയാല്‍ പേരെടുക്കാന്‍ അവസരം കിട്ടും. കേരളത്തില്‍ ഒട്ടും പ്രവര്‍ത്തിക്കാത്ത കെ.പി. ഉണ്ണികൃഷ്ണന്‍ ഡല്‍ഹിയില്‍ താമസിച്ച് പ്രവര്‍ത്തിച്ച് മന്ത്രിയായി. അതേ പോലെ അവിടെ താമസിച്ചാല്‍ പേരെടുക്കാം. കാര്യങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ അറിയണം എന്ന് മാത്രം. കെ. എ. ജോണിയായിരുന്നു മോഡറേറ്റര്‍.