Photo: twitter.com/cricketworldcup
അണ്ടര്‍-19 ലോകകപ്പ് കളിക്കാര്‍ക്ക് ക്രിക്കറ്റിന്റെ വര്‍ത്തമാനകാലത്തേക്കുള്ള വാതിലാണ്. ബ്രയാന്‍ ലാറ മുതല്‍ യശ്വസി ജയ്സ്വാള്‍ വരെ ഒട്ടേറെ വമ്പന്‍ പേരുകാര്‍ മാറ്റുതെളിയിച്ച തട്ടകം കൂടിയാണിത്. ഓരോ ലോകകപ്പും ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്താണ് കടന്നുപോകുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് വന്നതോടെ കളിക്കാര്‍ക്ക് അവസരവും വര്‍ധിച്ചു.
ക്രിസ് ഗെയ്ല്‍, വിരാട് കോലി, യുവരാജ് സിങ്. മുഹമ്മദ് കൈഫ്, ശിഖര്‍ ധവാന്‍, ടിം സൗത്തി. എയ്ഡന്‍ മാര്‍ക്രം, ശുഭ്മാന്‍ഗില്‍, അലെസ്റ്റര്‍ കുക്ക്, ഷെയ്ന്‍ വാട്ട്‌സണ്‍, ബ്രണ്ടന്‍ ടെയ്ലര്‍, ചേതേശ്വര്‍ പുജാര, ബാബര്‍ അസം, ബെന്‍ സ്റ്റോക്‌സ്, ഋഷഭ് പന്ത്, മുഷ്താഖ് അഹമ്മദ്, കഗീസോ റബാഡ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് തുടങ്ങി ക്രിക്കറ്റില സൂപ്പര്‍ താരങ്ങള്‍ മേല്‍വിലാസമുണ്ടാക്കിയത് അണ്ടര്‍-19 ലോകകപ്പിലൂടെയായിരുന്നു. ഇത്തവണയും ഒരുപിടി താരങ്ങള്‍ വരവറിയിച്ചുകഴിഞ്ഞു. ഇന്ത്യന്‍ നായകന്‍ ഉദയ് സഹാറന്‍, മുഷീര്‍ ഖാന്‍, സച്ചിന്‍ദാസ്, ബൗളര്‍മാരായ രാജ് ലിംബാനി, സൗമി പാണ്ഡെ, നമന്‍ തിവാരി, പാകിസ്താന്റെ ഷഹ്സിബ് ഖാന്‍, ഉബൈദ് ഷാ, അലി റാസ ദക്ഷിണാഫ്രിക്കയുടെ മഫാക്ക, ലുഹാന്‍ പ്രിട്ടോറിയസ്, ഓസ്ട്രേലിയയുടെ ഹാരി ഡിക്സന്‍, ടോം സ്ട്രാക്കര്‍, ഇംഗ്ലണ്ടിന്റെ ബെന്‍ മാക്കെന്നി, ടസീം അലി തുടങ്ങിയ താരങ്ങളെ വൈകാതെ സീനിയര്‍ ടീമില്‍ കാണാം. ഇതില്‍ പലര്‍ക്കും ഐ.പി.എല്‍. ടീമുകളിലേക്കും അവസരൊരുങ്ങും.
ലോകകപ്പില്‍ ഇനി ഒറ്റമത്സരമാണ് ബാക്കിയുള്ളത്. അത് കിരീടപ്പോരാട്ടമാണ്. അഞ്ചുവട്ടം ചാമ്പ്യന്‍മാരായ ഇന്ത്യ മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ നേരിടുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആറില്‍ ആറ് കളിയും ജയിച്ചാണ് ഇന്ത്യയുടെ വരവ്. ഓസ്ട്രേലിയയും അപരാജിതരാണ്. ആറില്‍ അഞ്ച് മത്സരം ജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു. നാലാം കിരീടമാണ് അവരുടെ ലക്ഷ്യം.
