മംമ്ത മോഹൻദാസ് പുതിയ വാഹനം ഏറ്റുവാങ്ങുന്നു | Photo: EVM Autokraft.
പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍ മോഡലായ 911 കരേര സ്വന്തമാക്കിയതിലൂടെ സൂപ്പര്‍ കാറുകളോടുള്ള തന്റെ പ്രേമം തെളിയിച്ച നടിയും ഗായികയുമായി മംമ്ത മോഹന്‍ദാസിന്റെ ഗ്യാരേജിലേക്ക് മറ്റൊരു സൂപ്പര്‍ കാര്‍ കൂടി എത്തിയിരിക്കുകയാണ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ കണ്‍വെര്‍ട്ടബിള്‍ മോഡലായ z4 ആണ് മംമ്തയുടെ ഗ്യാരേജില്‍ എത്തിയ പുതിയ വാഹനം. ഒരു ബി.എം.ഡബ്ല്യു വാഹനം സ്വന്തമാക്കുന്നത് സംബന്ധിച്ച് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ മംമ്ത സൂചന നല്‍കിയിരുന്നു.
കൊച്ചിയിലെ ബി.എം.ഡബ്ല്യു. വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്സ്റ്റില്‍ നിന്നാണ് നടി തന്റെ പുതിയ ടൂ സീറ്റര്‍ ബി.എം.ഡബ്ല്യു സ്വന്തമാക്കിയിരിക്കുന്നത്. ബി.എം.ഡബ്ല്യുവിന്റെ എന്‍ട്രി ലെവന്‍ സ്‌പോര്‍ട്‌സ് കാര്‍ എന്ന വിശേഷണത്തിന് കൂടി യോഗ്യമായി ഈ വാഹനത്തിന് 90.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അതേസമയം, വാഹനത്തില്‍ വരുത്തുന്ന കസ്റ്റമൈസേഷന് അനുസരിച്ച് വിലയില്‍ മാറ്റം വരുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
ബി.എം.ഡബ്ല്യു Z4-ന്റെ എം40ഐ വേരിയന്റാണ് മംമ്ത മോഹന്‍ദാസ് സ്വന്തമാക്കിയിരിക്കുന്നത്. സ്‌റ്റൈലിഷായ തണ്ടര്‍നൈറ്റ് മെറ്റാലിക് ഫിനിഷിങ്ങിലുള്ള മോഡലാണ് നടിയുടെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. ബി.എം.ഡബ്ല്യുവിന്റെ വാഹന ശ്രേണിയിലെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നായാണ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. ഈ വാഹനത്തിന്റെ കഴിഞ്ഞ വര്‍ഷം മുഖംമിനുക്കിയെത്തിയ പതിപ്പാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് Z4-നെ ബി.എം.ഡബ്ല്യു വിപണിയില്‍ എത്തിക്കുന്നത്. 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 340 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ബി.എം.ഡബ്ല്യുവിന്റെ ഈ കരുത്തന്‍ വാഹനത്തിനുണ്ട്.
