കോലിയും അനുഷ്‌കയും, കോലിയും ഡിവില്ലിയേഴ്‌സും | AFP, ANI
ന്യൂഡല്‍ഹി: വിരാട് കോലിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായവിവരം പങ്കുവെച്ചതില്‍ ഖേദമറിയിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരവും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലെ കോലിയുടെ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സ്. കോലിയും അനുഷ്‌കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വാര്‍ത്ത തെറ്റാണെന്ന് ഡിവില്ലിയേഴ്‌സ് അറിയിച്ചു.
‘ആദ്യം കുടുംബം. പിന്നെ ക്രിക്കറ്റ്. എന്റെ യൂട്യൂബ് ചാനല്‍വഴി ഞാനൊരു വലിയ തെറ്റ് വരുത്തിയിരുന്നു. കോലിയുടെ കുടുംബത്തിന് ഏതാണോ മികച്ചത്, അത് വരണമെന്ന് ചിന്തിക്കുന്നു. അവിടെ എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കും അറിയില്ല. എനിക്ക് ചെയ്യാന്‍കഴിയുക അദ്ദേഹത്തിന് ആശംസകള്‍ നേരുക എന്നത് മാത്രമാണ്. അദ്ദേഹത്തിന്റെ ഇടവേളയുടെ കാരണം എന്തുതന്നെയായാലും, അതില്‍നിന്ന് കൂടുതല്‍ ശക്തവും മികച്ചതും പുതുമയുള്ളതുമായ ഒരു തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ ഉള്‍പ്പെടെ അടുത്തിടെ പല മത്സരങ്ങളില്‍ കോലി വ്യക്തിപരമായ കാരണം പറഞ്ഞ് ടീമില്‍നിന്ന് വിട്ടുനിന്നിരുന്നു. ബി.സി.സി.ഐ. കോലിക്ക് അവധി അനുവദിക്കുകയും ചെയ്തു. എന്നാല്‍, സംഭവത്തിനു പിന്നിലെ കാരണം വ്യക്തമായിരുന്നില്ല. ഒരുഘട്ടത്തില്‍, അമ്മ അസുഖബാധിതയായതിനാലാണ് കോലി അവധിയെടുക്കുന്നതെന്നുവരെ തെറ്റായ പ്രചാരണം നടന്നു.
ഇതിനിടെ, കോലിയും അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും അതിനാലാണ് ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും അറിയിച്ച് ഡിവില്ലിയേഴ്‌സ് യൂട്യൂബ് ചാനല്‍വഴി രംഗത്തുവന്നു. കോലി കുടുംബത്തോടൊപ്പം ചെലവിടുകയാണെന്നും കുടുംബത്തിന് മുന്‍ഗണന നല്‍കുന്ന കോലിയെ അഭിനന്ദിക്കുന്നുവെന്നും ഡിവില്ലിയേഴ്‌സ് അറിയിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് ഇപ്പോള്‍ താരം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
