‘മുകുന്ദന്റെ മനോരാജ്യങ്ങൾ’ എന്ന വിഷയത്തിൽ എം.മുകുന്ദനുമായി സംസാരിക്കുന്ന എം.ബി. രാജേഷ്
തിരുവനന്തപുരം: തന്റെ മനസ്സ് മലയാളികള്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നു വെക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.മുകുന്ദന്‍. അതിനു തക്ക മൂര്‍ച്ചയുള്ള ചോദ്യങ്ങളുമായി മന്ത്രി എം.ബി.രാജേഷ് കൂടി ചേര്‍ന്നപ്പോള്‍ ‘മുകുന്ദന്റെ വിചാരങ്ങള്‍’ എന്ന സെഷനെ നിറഞ്ഞ സദസ്സ് ഏറ്റെടുത്തു. മുകുന്ദന്റെ തട്ടകമായിരുന്ന ഡല്‍ഹിയുടെ വര്‍ത്തമാന രാഷ്ട്രീയവും രാജ്യത്തിന്റെയും കേരളത്തിന്റേയും രാഷ്ട്രീയ പരിതസ്ഥിതിയും കൂടി ചര്‍ച്ചയായപ്പോള്‍ സെഷന്‍ ഇരമ്പി. കേരളം ഒരു രാജ്യമാണെന്ന് തോന്നിയിട്ടുണ്ടെന്നും നമ്മള്‍ സ്വപ്നം കാണുന്ന പോലൊരു രാജ്യമെന്നും എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
ഡല്‍ഹിയുടെ 81-99 കാലത്തെ ആസുരമുഖത്തെക്കുറിച്ചെഴുതിയ മുകുന്ദേട്ടന് ഇന്നത്തെ ഡല്‍ഹിയെക്കുറിച്ച് എന്തു തോന്നുന്നു എന്ന എം.ബി.രാജേഷിന്റെ ചോദ്യത്തിന് ഡല്‍ഹി എനിക്ക് താങ്ങാന്‍ കഴിയാത്ത നഗരമായി മാറി എന്നായിരുന്നു മറുപടി. അതുകൊണ്ടാണ് തിരിച്ചു വന്നത് അവിടെ ഇപ്പോള്‍ ഓരോ മനുഷ്യന്റെ കണ്ണിലും ഹിംസയാണ്. യൗവ്വനം മുഴുവന്‍ ചെലവഴിച്ച ആ നഗരം ഇന്നെന്നെ ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പശുവിന് ചപ്പാത്തി, യാചകന് ആട്ട്
അന്നത്തെ ഡല്‍ഹിയില്‍ പോലും വീടുകള്‍ക്ക് പിന്‍ഭാഗത്ത് വരുന്ന പശുക്കള്‍ക്ക് പശുവിന്‍ നെയ് പുരട്ടിയ ചപ്പാത്തി കൊടുക്കും. എന്നാല്‍ വീടിന് മുന്നില്‍ ഒരു യാചകന്‍ വന്നാല്‍ ആട്ടിയോടിക്കും, മുകുന്ദന്‍ ഓര്‍മിച്ചു. റോഡില്‍ പശുവുണ്ടെങ്കില്‍ വണ്ടിയോടിക്കാന്‍ പേടിയാണ്, തട്ടിപ്പോയാല്‍ കലാപമാവും. ഇന്ന് പേനയുടെ സ്ഥാനത്ത് ശൂലവും വാളുകളും വന്നു എന്ന് മുകുന്ദന്‍ പറഞ്ഞപ്പോള്‍ രാജേഷ് കൂട്ടിച്ചേര്‍ത്തു; ‘ഹിന്ദുത്വത്തിന്റെ അക്രാമകമായ മുഖം എന്ന് ഞാന്‍ തെളിച്ച് പറയുന്നു.
ധീരരാവണമെന്ന് പറയാന്‍ എളുപ്പമാണ്
ഭയം മൂലമാണ് അടിയന്തരാവസ്ഥക്കെതിരേ ഒന്നും എഴുതാതിരുന്നത് എന്ന് എഴുതിയ കാര്യം രാജേഷ് ഓര്‍മിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി- ‘ എഴുത്തുകാരോട് ധീരരാവണം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ ഞാന്‍ ധൈര്യം കാണിച്ചിരുന്നെങ്കില്‍ ഇതു പറയാന്‍ ഇവിടെ കാണില്ലായിരുന്നു. പല കഥകളും ഉണ്ടാവില്ലായിരുന്നു’ എന്നായിരുന്നു. പല പ്രമുഖ എഴുത്തുകാരും ഭയമുള്ളവരായിരുന്നു. സര്‍ഗാത്മകതയും ഭയവും തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷയില്ല, എങ്കിലും പുതുവഴികള്‍ തേടണം
രാമ പ്രതിഷ്ഠയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു ദിവസം പാര്‍ലമെന്റ് സെഷന്‍ നീട്ടിയ കാര്യം ഓര്‍മിപ്പിച്ചു കൊണ്ട് രാജേഷ് ചോദിച്ചു; ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാര്യത്തില്‍ ആശങ്കയില്ലേ ? ഇങ്ങനെ പോയാല്‍ നമ്മുടെ രാജ്യത്തിന് എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മറുപടി. കേരളം ഒരു രാജ്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മള്‍ സ്വപ്നം കാണുന്ന പോലൊരു രാജ്യം. ഇത്തരം ഒത്തുചേരലൊന്നും മറ്റൊരിടത്ത് സാധ്യമല്ല. നേരത്തേ ചില പ്രതീക്ഷകളുണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായിത്തുടങ്ങി – അദ്ദേഹം പറഞ്ഞു. ആ കേരളത്തിനെതിരേ ‘ഹേറ്റ് കാമ്പയിന്‍’ നടക്കുന്ന കാര്യവും മന്ത്രി സൂചിപ്പിച്ചു.
ഇടതുമായി ഇടയ്ക്ക് ഇടഞ്ഞോ ?
സദസ്സില്‍ നിന്നൊരു കുസൃതിച്ചോദ്യത്തിന് എഴുത്തുകാരന്‍ സന്ദേഹിയാണെന്ന് മറുപടി. ഒരു സ്ഥലത്തു തന്നെ നില്‍ക്കില്ല, ഇടര്‍ച്ചകളുണ്ടാവും. അത് പിന്‍നടത്തമല്ലെന്നും താന്‍ ഇപ്പോഴും ഇടതുപക്ഷക്കാരനാണെന്നും മുകുന്ദന്‍ പറഞ്ഞു. എഴുത്തുകാര്‍ക്ക് ഇടതുപക്ഷവുമായി വിമര്‍ശനാത്മക ബന്ധമാണുള്ളതെന്നും അതിനുള്ള ഇടം ഇവിടെയുണ്ടെന്നും മന്ത്രി രാജേഷും കൂട്ടിച്ചേര്‍ത്തു.
