Photo: AFP
പല്ലെകെലെ: ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമായി പതും നിസ്സങ്ക. പല്ലെകെലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്താനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിലാണ് ലങ്കന്‍ ഓപ്പണര്‍ ഇരട്ട സെഞ്ചുറിയിലെത്തിയത്. 139 പന്തുകള്‍ നേരിട്ട താരം 20 ഫോറും എട്ട് സിക്‌സും പറത്തി 210 റണ്‍സോടെ പുറത്താകാതെ നിന്നു.
മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യയുടെ 24 വര്‍ഷം പഴക്കമുള്ള റെക്കോഡും തകര്‍ത്തായിരുന്നു നിസ്സങ്കയുടെ ഡബിള്‍ സെഞ്ചുറി. ഏകദിനത്തില്‍ ഒരു ലങ്കന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ (189) റെക്കോഡ് 24 വര്‍ഷക്കാലത്തോളം ജയസൂര്യയുടെ പേരിലായിരുന്നു. 2000-ല്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ജയസൂര്യയുടെ നേട്ടം. ഇതാണ് ഇപ്പോള്‍ നിസ്സങ്ക മറികടന്നിരിക്കുന്നത്.
ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന പത്താമത്തെ താരം കൂടിയാണ് നിസ്സങ്ക. ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊപ്പം വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, പാകിസ്താന്റെ ഫഖര്‍ സമാന്‍, ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് നേരത്തേ ഈ നേട്ടത്തിലെത്തിയവര്‍.
136 പന്തില്‍ നിന്ന് 200 തികച്ച നിസ്സങ്ക, ഏകദിനത്തില്‍ വേഗത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. 126 പന്തില്‍ നിന്ന് 200 തികച്ച ഇഷാന്‍ കിഷനാണ് അതിവേഗത്തില്‍ ഡബിള്‍ തികച്ച താരം. 128 പന്തില്‍ നിന്ന് 200 അടിച്ച മാക്‌സ്‌വെല്ലാണ് രണ്ടാമത്.
