Photo: PTI
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വ്യക്തപരമായ കാരണങ്ങളെ തുടര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കാതിരുന്ന വിരാട് കോലി പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും പിന്മാറി. കോലി താന്‍ പരമ്പരയില്‍ നിന്ന് പിന്മാറുന്നതായി ബിസിസിഐയേയും സെലക്ഷന്‍ കമ്മിറ്റിയേയും അറിയിച്ചു.
നേരത്തേ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കോലി, പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ബാക്കിയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്നും പിന്മാറുന്നതായി താരം അറിയിച്ചത്. കുടുംബ കാരണങ്ങളാണ് കോലിയുടെ ഈ പിന്മാറ്റമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ കാരണം ഇതുവരെ അറിവായിട്ടില്ല. താരത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു.
രാജ്കോട്ട്, റാഞ്ചി, ധരംശാല എന്നിവിടങ്ങളിലെ ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന സെലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് കോലി തന്റെ അവധി നീട്ടുന്നതായി അറിയിച്ചത്. കരിയറില്‍ ഇതാദ്യമായാണ് കോലി നാട്ടില്‍ നടക്കുന്ന ഒരു പരമ്പരയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നത്.
മധ്യനിര താരം ശ്രേയസ് അയ്യരും അടുത്ത മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലില്ല. പുറം വേദനയാണ് അയ്യര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി അയ്യരുടെ പുരോഗതി നിരീക്ഷിക്കും. അതേസമയം വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന കെ.എല്‍ രാഹുലും രവീന്ദ്ര ജഡേജയും മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ തിരിച്ചെത്തി. എന്നാല്‍ മെഡിക്കല്‍ സംഘത്തിന്റെ ക്ലിയറന്‍സ് ലഭിച്ച ശേഷമായിരിക്കും ഇരുവരും അന്തിമ ഇലവനില്‍ ഉണ്ടാകുമോ എന്നത് വ്യക്തമാകൂ. പേശീവലിവാണ് ഇരുവര്‍ക്കും പ്രശ്‌നമായത്.
യുവ പേസര്‍ ആകാശ് ദീപിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. നേരത്തേ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക മത്സരത്തില്‍ ആകാശിന്റെ പ്രകടനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കും മതിപ്പുളവാക്കിയിരുന്നു.
പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍, രജത് പാട്ടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, കെ.എസ് ഭരത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.
