അജിയെ കാട്ടാന ആക്രമിക്കുന്ന സി.സി.ടി.വി. ദൃശ്യം | Photo: Screen grab/ CCTV Footage
മാനന്തവാടി: വയനാട് ചാലിഗദ്ദയില്‍ 47-കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മാനന്തവാടിയില്‍നിന്ന് മയക്കുവെടിവെച്ച് പിടിച്ച് ബന്ദിപ്പുരിലേക്ക് കൊണ്ടുപോകുന്നതിനിടെ ചരിഞ്ഞ തണ്ണീര്‍ക്കൊമ്പനുപുറമേ ഈ ആനയും വയനാട്ടില്‍ എത്തിയതായി വനംവകുപ്പാണ് അറിയിച്ചത്. ഒരുമാസം മുമ്പാണ് വയനാട് വന്യജീവിസങ്കേതത്തില്‍ ഈ ആനയുടെ സാന്നിധ്യം മനസിലാക്കിയത്. ബന്ദിപ്പുരിലാണ് കര്‍ണാടകയില്‍നിന്ന് പിടികൂടിയ ഈ ആനയെ റേഡിയോ കോളര്‍ഘടിപ്പിച്ച് വിട്ടത്.
അഞ്ചുദിവസംമുമ്പ് സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പാതിരി സെക്ഷനിലെ വനത്തില്‍ ആനയെത്തി. ആനയെ നിരീക്ഷിക്കുന്നതിനുള്ള വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കര്‍ണാടക വനംവകുപ്പിനെ കേരളം സമീപിച്ചിരുന്നു. റേഡിയോ കോളര്‍ യൂസര്‍ ഐഡിയും പാസ്‌വേഡുമാണ് കര്‍ണാടകം കൈമാറിയത്. അഞ്ചുമുതല്‍ എട്ടുമണിക്കൂര്‍വരെ വൈകിയാണ് ഇത്തരത്തില്‍ വിവരം ലഭിക്കുക. അതിനാല്‍, ആനയുടെ നീക്കങ്ങളറിയാന്‍ ആന്റിനയും റസീവറും വേണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യവനപാലകനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ അറിയിച്ചിരുന്നു.
ഇതിനുപിന്നാലെ വനംവകുപ്പ് സ്വന്തമായി ആന്റിനയും റിസീവറും സംഘടിപ്പിച്ചെങ്കിലും ഫ്രീക്വന്‍സി നല്‍കാന്‍ കര്‍ണാടക തയ്യാറായില്ല. തണ്ണീര്‍കൊമ്പന്റെ റേഡിയോകോളര്‍ വിവരങ്ങള്‍ ലഭിച്ചതും ആന മാനന്തവാടി നഗരത്തില്‍ ഇറങ്ങിയശേഷമാണ്. ഇതുകൊണ്ട് കാര്യമായ പ്രയോജനവുമുണ്ടായിരുന്നില്ല.
വനംവകുപ്പിന് ചെയ്യാന്‍ കഴിയുന്ന നിയമപരമായ എല്ലാ നടപടിയും ധ്രുതഗതിയില്‍ സ്വീകരിക്കുന്നുണ്ടെന്ന് അജിയുടെ മരണത്തിന് പിന്നാലെ സംസ്ഥാന വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. ഉന്നതതലയോഗം ഉടന്‍ ചേരും. ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കില്‍ മാത്രമേ പ്രശ്‌നം നല്ല രീതിയില്‍ പരിഹരിക്കാനാകൂ. ജനക്കൂട്ടമുണ്ടാകുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തും. സൗമ്യമായി ഉദ്യോഗസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോണം. പ്രശ്‌നങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പ്രാഥമികമായി ചെയ്യേണ്ടത്. മയക്കുവെടിവെച്ച് പിടികൂടുകയെന്നത് അവസാനത്തെ നടപടി മാത്രമാണ്. കൂടുതല്‍ ആളപായവും കൃഷിനാശവുമില്ലാത്ത പ്രതിരോധമാണ് ഇപ്പോള്‍ ചെയ്യേണ്ടത്. സാധാരണ നടപടികള്‍കൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വനംവകുപ്പിനെതിരെ വിമര്‍ശനവുമായി നാട്ടുകാര്‍ രംഗത്തെത്തി. ആനയിറങ്ങിയതിനെക്കുറിച്ച് ഒരുമുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡ്രോണ്‍ വഴി നിരീക്ഷണം നടത്തുകയും ആന എവിടെയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് നേരിട്ട് ചോദിക്കുകയും ചെയ്തെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. പിന്നീട് ഡ്രോണ്‍ ചാര്‍ജ് ചെയ്യാന്‍ മറ്റൊരു വീട്ടില്‍വെച്ചിരിക്കുകയാണെന്ന് മറുപടി ലഭിച്ചു. കഴിഞ്ഞദിവസം മുതല്‍ ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും ആന ജനവാസമേഖലയില്‍ ഇറങ്ങാത്തവിധം എന്തുകൊണ്ട് തുരത്താന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ആളുകള്‍ വാട്‌സ്ആപ്പ് വഴി പരസ്പരം വിവരം പങ്കുവെച്ചതല്ലാതെ വനംവകുപ്പിന്റെ ഭാഗത്തുനിന്നോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ യാതൊരു തരത്തിലുമുള്ള മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
