ദമ്പതിമാരുടെ മരണമറിഞ്ഞ് വിളക്കുടി മീനംകോട്ടെ വീട്ടിലെത്തിയവർ, മരിച്ച വിജേഷും രാജിയും.
കുന്നിക്കോട്(കൊല്ലം): ‘അങ്കിളേ… ഇന്നെന്റെ പിറന്നാളാണ്. എന്റെ അച്ഛനും അമ്മയും എപ്പോ വരും…’ വിളക്കുടി സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ നാലാംക്ലാസുകാരന്‍ അക്ഷയിന്റെ ചോദ്യം കേട്ടാല്‍ ആരുടെയും മനസ്സു നൊന്തുപോകും.
അവന്റെ പത്താംപിറന്നാളായിരുന്നു വെള്ളിയാഴ്ച. കേക്കുമായി വന്ന് പിറന്നാള്‍ ആഘോഷിക്കാമെന്ന് ഉറപ്പുനല്‍കിയ അച്ഛനെയും അമ്മയെയും കാണാതെ അങ്കലാപ്പിലായ അക്ഷയ് വെള്ളിയാഴ്ച വൈകീട്ടും അച്ഛനമ്മമാരെ തേടുകയാണ്. ഇനിയൊരിക്കലും അവരിവരും മടങ്ങിവരില്ലെന്ന യാഥാര്‍ത്ഥ്യം കേട്ടുനിന്നവരുടെ ഹൃദയം നുറുങ്ങുന്ന വേദനയായി.
നാലാംക്ലാസുകാരന്‍ അക്ഷയും ഇളയ കുട്ടി അക്ഷരയും (അഞ്ച്). കടബാധ്യതയെ തുടര്‍ന്ന് അച്ഛനമ്മമാര്‍ ജീവനൊടുക്കിയതറിയാതെ പകച്ചുനില്‍ക്കുകയാണ് കടം വീട്ടാന്‍ രാജി വിദേശത്തേക്കു ജോലിക്കുപോകാനുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് തയ്യാറെടുപ്പിലുമായിരുന്നു. തൃശ്ശൂര്‍ പുതുശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായിരുന്ന വിജേഷ് (42) രണ്ടാഴ്ചമുന്‍പാണ് പുനലൂരിലേക്ക് സ്ഥലംമാറിയെത്തിയത്. എന്നാല്‍ മൈക്രോ ഫിനാന്‍സുകളെടുത്ത് അതിവേഗം കടുത്ത ബാധ്യതയിലായ ദമ്പതിമാര്‍ ഈ കടുംകൈ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചിച്ചില്ല.
മരണമറിഞ്ഞ് മീനംകോട് കോളനിയിലെ ഇവരുടെ വീട്ടിലേക്കെത്തുന്നവര്‍ക്ക് പറക്കമുറ്റാത്ത കുരുന്നുകളുടെ ഭാവിയോര്‍ത്ത് സങ്കടമടക്കനാകുന്നില്ല. രാജിയുടെ അമ്മ രാധയ്ക്കും അവരുടെ സഹോദരനും മകനും ഒപ്പമാണ് വിളക്കുടി മീനംകോട്ടെ വീട്ടില്‍ ഇവര്‍ താമസിച്ചിരുന്നത്.
അച്ഛനും അമ്മയും തമ്മില്‍ വഴക്കൊന്നും ഇല്ലായിരുന്നെന്നും കടമുണ്ടായിരുന്നെന്നും അതിന്റെ വിഷമം ഉണ്ടായിരുന്നതായും പത്തുവയസ്സുകാരന്‍ പറയുന്നു. ഇരുവരുടെയും മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. ദമ്പതിമാരുടെ മരണമറിഞ്ഞെത്തുന്നവര്‍ക്കു മുന്നില്‍ ചോദ്യചിഹ്നമാകുകയാണ് ഈ കുരുന്നുകള്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
