ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് അടിമാലിയിൽ പെട്ടിക്കടയ്‌ക്കു മുൻപിൽ ‘ദയാവധത്തിന് തയാർ’ എന്ന് ബോർഡ് സ്ഥാപിച്ച് ദമ്പതികൾ നടത്തിയ പ്രതിഷേധം. സിപിഎം ഇടപെടലിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
അടിമാലി∙ ഇടുക്കി അടിമാലിയിൽ ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ദയാവധത്തിന് തയാറെന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികൾ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. അമ്പലത്തറയിലെ പെട്ടിക്കടയ്ക്ക് മുന്‍പിൽ പ്രതിഷേധിച്ച 72 വയസ്സുകാരനായ ശിവദാസനും ഭാര്യ ഓമനയുമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സിപിഎം പ്രാദേശിക നേതൃത്വവുമായി നടത്തിയ ചർച്ചയെ തുടർന്ന് ബോർഡ് അഴിച്ചുമാറ്റി. അടിമാലി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ദമ്പതികൾക്ക് പെൻഷൻ ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ശിവദാസനും ഓമനയും പറഞ്ഞു.
പെട്ടിക്കടയിലാണ് ശിവദാസനും ഭാര്യ ഓമനയും കഴിയുന്നത്. കുളമാൻകുഴി ആദിവാസി കോളനിയിലെ കൃഷി കാട്ടാന നശിപ്പിച്ചതോടെയാണ് പഞ്ചായത്ത് അനുവദിച്ചു നൽകിയ പെട്ടിക്കടയിൽ ഇരുവരും താമസമാക്കിയത്. ക്ഷേമ പെൻഷനും കടയിലെ തുച്ഛവരുമാനവുമായിരുന്നു ആകെയുള്ള വരുമാനം. അഞ്ച് മാസമായി ക്ഷേമ പെൻഷൻ മുടങ്ങിയതോടെ കച്ചവടത്തിന് സാധനങ്ങൾ വാങ്ങാൻ കഴിയാതെയായി. മരുന്നു വാങ്ങാൻ പോലും പണമില്ലാതെ ജീവിതം വഴിമുട്ടിയതോടെയാണ് ദമ്പതികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ദയാവധത്തിന് തയാറാണെന്ന ബോർഡ് സ്ഥാപിച്ചതോടെ 1000 രൂപ സഹായം നൽകി ബോർഡ് മാറ്റണമെന്ന ആവശ്യവുമായി സിപിഎം പ്രാദേശിക നേതൃത്വം സമീപിച്ചു. ദമ്പതികൾക്ക് പെൻഷൻ ലഭിക്കുന്നത് വരെ 1600 രൂപ എല്ലാ മാസവും നൽകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. ദമ്പതികളെ സമീപിച്ച ബിജെപി ജില്ലാ നേതൃത്വം ഭക്ഷ്യ കിറ്റും ഒരു മാസത്തെ പെൻഷൻ തുകയും നൽകി.
