ധോണി പരിശീലനത്തിനിടെ, പ്രൈം സ്പോർട്സ് ഷോപ്. Photo: X@DonCricket.
റാഞ്ചി∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിനായുള്ള തയാറെടുപ്പിലാണ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ് ധോണി. ധോണി ബാറ്റിങ് പരിശീലിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം പരിശീലന സമയത്ത് ധോണിയുടെ ബാറ്റിലുണ്ടായിരുന്ന സ്റ്റിക്കറാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം. പ്രൈം സ്പോര്‍ട്സ് എന്ന അധികം പ്രശസ്തമല്ലാത്ത ഒരു കമ്പനിയുടെ ബ്രാന്‍ഡിന്റെ പേരാണ് ധോണിയുടെ ബാറ്റിലുണ്ടായിരുന്നത്. അത് ഏതു ബ്രാൻഡാണ് എന്ന് ആരാധകര്‍ ഒടുവിൽ അന്വേഷിച്ചു കണ്ടെത്തി.
താരത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ റാഞ്ചിയിലെ പരംജിത് സിങ്ങിന്റെ സ്പോർട്സ് കടയുടെ പേരാണ് പ്രൈം സ്പോർട്സ്. ധോണിയുടെ കരിയറിന്റെ തുടക്കകാലത്ത് ഏറെ സഹായങ്ങൾ നൽകിയിരുന്നത് പരംജിത് സിങ്ങായിരുന്നു. സുഹൃത്തിന്റെ കടയെ ഒരു ബ്രാൻഡാക്കി ഉയർത്തുക ലക്ഷ്യമിട്ടാണ് ഈ പേര് ധോണി ബാറ്റിൽ പതിച്ചതെന്നാണ് റിപ്പോർട്ടുകൾ.
പ്രൈം സ്പോർട്സിന്റെ ബാറ്റുകളില്‍ ധോണി ഒപ്പിട്ടുനൽകുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഐപിഎല്ലിൽ നിലവിലെ ചാംപ്യൻമാരാണ് ചെന്നൈ സൂപ്പർ കിങ്സ്. കഴിഞ്ഞ സീസണിലെ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയാണ് ചെന്നൈ കിരീടം നേടിയത്. സിഎസ്കെയെ ആറാം കിരീടത്തിലേക്കു നയിക്കുക ലക്ഷ്യമിട്ടാണ് ധോണി അടുത്ത സീസണിൽ കളിക്കാനൊരുങ്ങുന്നത്. രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും ധോണി ഐപിഎല്ലിൽ കളിക്കുന്നുണ്ട്..
കഴിഞ്ഞ സീസണിനിടെ താരത്തിനു കാലിനു പരുക്കേറ്റിരുന്നു. ഐപിഎല്ലിനു പിന്നാലെ ശസ്ത്രക്രിയ പൂർത്തിയാക്കി.. വിശ്രമകാലത്തിനു ശേഷം വീണ്ടും പരിശീലനം തുടങ്ങുകയായിരുന്നു. റാഞ്ചിയിലെ സ്റ്റേഡിയത്തിലാണ് ധോണി പരിശീലിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ച ശേഷം ജന്മനാടായ റാഞ്ചിയിലെ ഫാം ഹൗസിലാണു ധോണി കുടുംബത്തോടൊപ്പം താമസിക്കുന്നത്.
