സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐഒ സംഘം തിരുവനന്തപുരം കെഎസ്ഐഡിസി ആസ്ഥാനത്ത് പരിശോധനയ്ക്കെത്തിയപ്പോൾ.

തിരുവനന്തപുരം∙ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിൽ കെഎസ്ഐഡിസിയിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് വിയോജിപ്പ്. അന്വേഷണത്തിന് സ്റ്റേ ലഭിക്കാൻ സുപ്രീംകോടതി അഭിഭാഷകന് രണ്ടു സിറ്റിങ്ങിനായി കെഎസ്ഐഡിസി നൽകിയത് 50 ലക്ഷം രൂപയാണ്. സ്റ്റേ ലഭിച്ചില്ലെന്നു മാത്രമല്ല കോടതി വിമർശനവുമുണ്ടായി.

സിഎംആർഎൽ കമ്പനിയിൽ 1.05 കോടി രൂപയുടെ ഓഹരി പങ്കാളിത്തമാണ് കെഎസ്ഐഡിസിക്കുള്ളത്. കരിമണൽ കമ്പനിയായ സിഎംആർഎലും മുഖ്യമന്ത്രിയുടെ മകൾ വീണ ഡയറക്ടറായ എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ഐഡിസിയോട് എസ്എഫ്ഐഒ രേഖകൾ ആവശ്യപ്പെട്ടത്. സിഎംആർഎലിൽ 13.4% ഓഹരിയാണ് കെഎസ്ഐഡിസിക്കുള്ളത്.

നിരവധി സ്ഥാപനങ്ങളിൽ കെഎസ്ഐഡിസിക്ക് ഓഹരി നിക്ഷേപമുണ്ടെന്നും, രേഖകൾ കൃത്യമാണെന്നും, രണ്ടു സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടിൽ നടക്കുന്ന അന്വേഷണത്തിൽ കെഎസ്ഐഡിസി ഇത്രയും തുക കോടതി ചെലവിനായി നൽകേണ്ടിയിരുന്നില്ലെന്നുമാണ് സ്ഥാപനത്തിനുള്ളിലെ വിമർശനം. എസ്എഫ്ഐഒ അന്വേഷണം നടക്കട്ടെയെന്ന നിലപാടിലായിരുന്നു കെഎസ്ഐഡിസി. സർക്കാർ ഇടപെടൽ ഉണ്ടായതോടെയാണ് അന്വേഷണത്തിന് സ്റ്റേയ്ക്കായി തിടുക്കത്തിൽ സുപ്രീംകോടതി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്.

സ്റ്റേ ആവശ്യം അംഗീകരിക്കാത്ത കോടതി, കെഎസ്ഐഡിസിക്ക് എന്തെങ്കിലും ഒളിക്കാനുണ്ടോ എന്നും ചോദിച്ചു. സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം മാറ്റാൻ ശ്രമിക്കുന്ന പ്രഫഷനൽ സ്ഥാപനമായ കെഎസ്ഐഡിസിക്ക് ഇതു നാണക്കേടായെന്നാണ് സ്ഥാപനത്തിലെ സംസാരം. രേഖകൾ ആവശ്യപ്പെട്ട് എസ്എഫ്ഐഒയുടെ മെയിൽ ലഭിച്ച ഉടനെ കെഎസ്ഐഡിസി ഉദ്യോഗസ്ഥർ വ്യവസായ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസിനെ വിവരം അറിയിച്ചു. ഉന്നത നിർദേശത്തെ തുടർന്നാണ് സുപ്രീംകോടതി അഭിഭാഷകനെ നിയോഗിക്കാൻ തീരുമാനിച്ചത്.

കെഎസ്ഐഡിസി വിവിധ കമ്പനികൾക്ക് ലോൺ നൽകുന്നുണ്ട്. കമ്പനികളുടെ ഓഹരികളിൽ നിക്ഷേപവും നടത്തുന്നുണ്ട്. ഓഹരി നിക്ഷേപത്തിലൂടെ വരുമാനവുമുണ്ട്. തൊണ്ണൂറുകളിലാണ് സിഎംആർഎലിൽ കെഎസ്ഐഡിസി നിക്ഷേപം നടത്തിയത്. സിഎംആർഎൽ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയുണ്ട്. നിക്ഷേപമുള്ള മറ്റ് നിരവധി കമ്പനികളിലും കെഎസ്ഐഡിസിക്ക് ഡയറക്ടർമാരുണ്ട്. ലോൺ, നിക്ഷേപ രേഖകൾ കൃത്യമാണെന്നും ധൃതിപിടിച്ച് സുപ്രീംകോടതി അഭിഭാഷകനെ നിയോഗിച്ച് സ്ഥാപനത്തിന്റെ സൽപേര് കളയേണ്ടിയില്ലെന്നുമാണ് ഉയരുന്ന അഭിപ്രായം.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശത്തിനായി ബിഡ് സമർപ്പിക്കാൻ 2018ൽ നിർദേശിച്ചപ്പോൾ കെഎസ്ഐഡിസി സർക്കാരിനെ വിയോജിപ്പ് അറിയിച്ചിരുന്നു. വിമാനത്താവള നടത്തിപ്പിൽ കമ്പനിക്ക് പരിചയം ഇല്ലെന്നായിരുന്നു വിശദീകരണം. സർക്കാർ നിര്‍ദേശം അനുസരിച്ച് ബിഡിൽ പങ്കെടുത്തെങ്കിലും നടത്തിപ്പ് അവകാശം ലഭിച്ചില്ല. മുന്നിലെത്തുന്ന ഏജൻസിയുടെ 10% വരെ താഴ്ന്ന നിരക്ക് നിർദേശിച്ചിരുന്നെങ്കിൽ പോലും ബിഡ് നേടാൻ ‘റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ’ വഴി കേന്ദ്ര സർക്കാർ കെഎസ്ഐഡിസിക്ക് അവസരം നൽകിയിരുന്നു.

ബിഡിൽ പരാജയപ്പെട്ട കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. സുപ്രീംകോടതി അഭിഭാഷകനെ കേസിനായി നിയോഗിച്ചതു സംബന്ധിച്ച പ്രതികരണത്തിനായി കെഎസ്ഐഡിസി ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാനായില്ല.