സാധാരണപോലെ സ്കൂബ ഡൈവിങ്ങ് ന‌ടത്തുകയായിരുന്നു വർക്കലയിൽനിന്നുള്ള ഒരു കൂ‌ട്ടം അഡ്വഞ്ചർ ഡൈവിങ്ങ് ക്ലബിലെ അംഗങ്ങൾ. പുതിയ സ്ഥലങ്ങളു‌ടെ പര്യവേക്ഷണത്തിനിടെ അവർ യാദൃശ്ചികമായി എത്തിയത് ഒരു വലിയ കണ്ടെത്തലില്‍. വർക്കലയ്ക്കും അഞ്ചുതെങ്ങിനുമി‌ടയിലുള്ള കടലാഴങ്ങളിൽ ഒരു കപ്പൽ തകർന്നു കിടക്കുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഇരുളടഞ്ഞ കടലാഴങ്ങളിൽ ടൈറ്റാനിക് കിടക്കുന്നതു പോലുള്ള ദൃശ്യമാണ് വർക്കല വാട്ടർ സ്പോർട് ക്ലബ് അംഗങ്ങളുടെ ക്യാമറകളിലൂടെ പുറത്തെത്തിയത്.

സ്കൂബ ഡൈവിങ് ക്ലബായ വർക്കല വാട്ടർ സ്പോർട്സ് അഡ്മിനിസ്ട്രേറ്റർ വിനോദ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഡൈവിങ്ങിലെ പുതിയ സാധ്യതകൾ തേടുന്നതിനിടെ കപ്പലിനരികിലെത്തിയത് ഏകദേഴം. 12 അടിയോളം പൊക്കവും 100 അടിയോളം നീളവുമുള്ള ലോഹ നിർമിതമായ കപ്പലാണെന്നതു മാത്രമേ ഇവർക്കു പറയാൻ കഴിയുന്നൂള്ളൂ. ഗോപ്രോയിലാണ് ദൃശ്യങ്ങൾ പകർത്തിയത്.

നെടുങ്കണ്ടം ബീച്ചിൽനിന്നും ഏകദേശം 10 കിലോമീറ്റർ അകലെ, 50 മീറ്ററിൽ താഴെ മാത്രം ആഴത്തിലാണ് ഈ കപ്പല്‍ കണ്ടെത്തിയത്. കാലപ്പഴക്കത്തെപ്പറ്റി ആർക്കും വലിയ ധാരണയില്ല. അതേസമയം രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജാപ്പനീസ് അന്തർവാഹനികളുടെ ആക്രമണത്തിൽ തകർന്ന ബ്രിട്ടീഷ് ചരക്ക് കപ്പലായിരിക്കാമെന്നും അല്ലെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഡച്ച് കപ്പലായിരിക്കാമെന്നുമൊക്കെയാണ് അനുമാനം പ്രചരിക്കുന്നത്. ഇതിന്റെ ചുരുളഴിയണണെങ്കിൽ സർക്കാർ സംവിധാനങ്ങൾ ശാസ്ത്രീയ പഠനം ന‌ടത്തേണ്ടതുണ്ട്.

ഓർമയുണർത്തി കൈരളി, പക്ഷേ സാധ്യതയില്ല

കേരള ചരിത്രത്തിലെ ദുരൂഹതകളിലൊന്നായി അവശേഷിക്കുന്ന കൈരളി കപ്പലിന്റെ തിരോധാനമാണ് ഈ കപ്പൽ അവശിഷ്ടം കണ്ടെത്തിയപ്പോൾ പലരുടെയും മനസിലേക്കെത്തിയത്. ഒരു ദിവസം ഒരു തെളിവും അവശേഷിപ്പിക്കാതെ ആ കപ്പൽ എങ്ങോട്ടോ മറഞ്ഞു. ഗോവയിൽ നിന്ന് 1979 ജൂൺ മുപ്പതിനു 20,583 ടൺ ഇരുമ്പയിരുമായി ആഫ്രിക്കയിലെ ജിബൂത്തി തുറമുഖം വഴി കിഴക്കൻ ജർമനിയിലെ റോസ്‌റ്റോക്കിലേക്കു പുറപ്പെട്ടതാണ് എം.വി. കൈരളി എന്ന മലയാളിക്കപ്പൽ.

കേരള ഷിപ്പിങ് കോർപറേഷൻ എം.വി. ഓസ്‌കോർസോർസ് എന്ന കപ്പൽ വാങ്ങി പുനർനാമകരണം ചെയ്‌തതായിരുന്നു കൈരളി. കപ്പലിനൊപ്പം കാണാതായത് ക്യാപ്‌റ്റൻ അടക്കം 49 പേരെയാണെന്നാണു കെഎസ്‌ഐഎൻസി പുറത്തുവിട്ട വിവരം. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ 51 പേരെ കാണാതായതായി പറയുന്നു. യാത്ര തുടങ്ങി ജൂലൈ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ കപ്പലിൽ നിന്നു സന്ദേശങ്ങൾ ലഭിച്ചിരുന്നു. കേരള ഷിപ്പിങ് കോർപറേഷൻ കപ്പലിലേക്കു നാല്, അഞ്ച്, ആറ് തീയതികളിൽ സന്ദേശമയച്ചു. പക്ഷേ, മറുപടി കിട്ടിയില്ല.

ഇന്ധനം നിറയ്‌ക്കാൻ കൈരളി ജൂലൈ എട്ടിനു വടക്കുകിഴക്കൻ ആഫ്രിക്കയിലെ ജിബൂത്തിയിലെത്തേണ്ടതായിരുന്നു. കപ്പൽ വന്നില്ലെന്നു ജിബൂത്തിയിലെ ഷിപ്പിങ് ഏജന്റ് അറിയിച്ചതു ജൂലൈ പതിനൊന്നിനാണ്. നാവികസേന വിമാനങ്ങൾ ഉപയോഗിച്ചു വിശദമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. കപ്പൽ കാണാതായ സമയത്തു കാലാവസ്ഥ ശാന്തമായിരുന്നു. തിരച്ചിലിൽ കപ്പലിലെ വസ്‌തുക്കളോ എണ്ണയോ കടൽപ്പരപ്പിൽ ഒഴുകിനടക്കുന്നതായി കണ്ടെത്തിയിട്ടില്ല.സൊമാലിയൻ കടൽക്കൊള്ളക്കാർ കപ്പൽ തട്ടിയെടുത്തെന്ന വാദം ശക്തമാണ്. കപ്പൽ തട്ടിയെടുത്തു രൂപമാറ്റം വരുത്താനോ പൊളിച്ചു വിൽക്കാനോ സാധ്യതകളുണ്ട്. ഏത് അപകടം കഴിഞ്ഞാലും അതു പുറം ലോകത്തിനു ബോധ്യപ്പെടുത്താൻ ഒരു തെളിവെങ്കിലും ബാക്കിയുണ്ടാകും. പക്ഷേ, കൈരളിയുടെ കാര്യത്തിൽ ഒരു തെളിവും ശേഷിച്ചിട്ടില്ല.