കെ.എസ്.ഭരത്തും (ഇടത്) ധ്രുവ് ജുറലും പരിശീലനത്തിനിടെ. (PTI Photo)
രാജ്കോട്ട്∙ ബാറ്റിങ്ങിൽ തുടർച്ചയായി നിരാശപ്പെടുത്തുന്ന കെ.എസ്. ഭരത്തിനെ ബിസിസിഐ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ബെഞ്ചിലിരുത്താന്‍ സാധ്യത. ആദ്യ രണ്ടു മത്സരങ്ങളില്‍ വിക്കറ്റിനു പിന്നിൽ തിളങ്ങിയെങ്കിലും ബാറ്റിങ്ങിൽ താരം പരാജയപ്പെട്ടിരുന്നു. കാര്യമായ പ്രകടനങ്ങളില്ലാതായതോടെ മൂന്നാം ടെസ്റ്റിൽ ബിസിസിഐ യുവ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന് പ്ലേയിങ് ഇലവനിൽ അവസരം നൽകിയേക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അവസാനം കളിച്ച മത്സരങ്ങളിൽ ധ്രുവ് ജുറേൽ അർധ സെഞ്ചറികൾ നേടിയിരുന്നു.
വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ 17,6 എന്നിങ്ങനെയായിരുന്നു ഭരത്തിന്റെ സ്കോറുകൾ. ആദ്യ ടെസ്റ്റിൽ താരം 41, 28 റൺസുകളും രണ്ട് ഇന്നിങ്സുകളിലുമായി നേടി. കെ.എൽ. രാഹുലിനെ സ്പെഷലിസ്റ്റ് ബാറ്റർ ആയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കളിപ്പിക്കുന്നതെന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ധ്രുവ് ജുറേലിന് അവസരം ഒരുങ്ങുന്നത്. അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പുറത്തിരിക്കുന്ന വിരാട് കോലി അടുത്ത മത്സരങ്ങള്‍ കളിക്കുമോയെന്ന് വ്യക്തമായിട്ടില്ല. ജസ്പ്രീത് ബുമ്രയ്ക്കു മൂന്നാം മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കുമെന്നു വിവരമുണ്ട്. കഴിഞ്ഞ വർഷം ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് കെ.എസ്. ഭരത് ഇന്ത്യയ്ക്കായി അരങ്ങേറിയത്. ഏഴു മത്സരങ്ങൾ കളിച്ചെങ്കിലും ഒരു അർധ സെഞ്ചറി പോലും നേടാൻ താരത്തിനു സാധിച്ചില്ല. 44 റൺസാണ് ഉയർന്ന സ്കോർ.
