രോഹിത് ശർമയും ഭാര്യ റിതികയും.
മുംബൈ∙ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിനെ ന്യായീകരിച്ച മുംബൈ ഇന്ത്യൻസ് പരിശീലകൻ മാർക് ബൗച്ചർക്കു മറുപടിയുമായി രോഹിത്തിന്റെ ഭാര്യ റിതിക സജ്ജേഷ്. ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു രോഹിത് ശർമയെ മാറ്റാനുള്ള കാരണങ്ങൾ മാർക് ബൗച്ചർ വിശദീകരിച്ചത്. വിഡിയോയിൽ പറയുന്ന കാര്യങ്ങളിൽ പലതും തെറ്റാണെന്നാണു റിതിക ഇൻസ്റ്റഗ്രാം വിഡിയോയ്ക്കു താഴെ പ്രതികരിച്ചത്. വിഡിയോയ്ക്കു പ്രതികരണങ്ങളുമായി രോഹിത് ശര്‍മയുടെ ആരാധകരുമെത്തി.
മുംബൈ ഇന്ത്യൻസിൽ തലമുറ മാറ്റമാണു സംഭവിക്കുന്നതെന്നായിരുന്നു മാർക് ബൗച്ചറുടെ ന്യായീകരണം. ‘‘ട്രാൻസ്ഫർ വിൻഡോയിൽ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യസിലെത്തുന്നതു നമ്മൾ കണ്ടതാണ്. ടീമിൽ തലമുറ മാറ്റത്തിന്റെ സമയമാണ്. ആരാധകരിൽ പലർക്കും ഇത് ഉൾക്കൊള്ളാനായിട്ടില്ല. അവർ വൈകാരികമായാണ് ഇതിനെ സമീപിച്ചത്. ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറിയതോടെ, ഓപ്പണിങ് ബാറ്ററെന്ന നിലയിൽ രോഹിത് ശർമയുടെ ഏറ്റവും മികച്ച പ്രകടനം മുംബൈ ഇന്ത്യൻസിനു ലഭ്യമാകും.’’
‘‘മികച്ച സ്കോർ കണ്ടെത്താൻ രോഹിത് ശർമയെ അനുവദിക്കുകയാണു വേണ്ടത്. മുംബൈയെ ഏറെക്കാലം നയിച്ച ക്യാപ്റ്റനാണ് രോഹിത് ശർമ. ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്റെ അധിക ഭാരമൊന്നും ഇല്ലാതെ ഇനി രോഹിത് ശർമയ്ക്കു കളിക്കാൻ സാധിക്കും. രോഹിത് സന്തോഷത്തോടെ കളിക്കുന്നതു കാണാനാണു ഞാൻ ഇഷ്ടപ്പെടുന്നത്.’’– മാർക് ബൗച്ചർ വ്യക്തമാക്കി.
ഐപിഎൽ 2024 സീസണിനായുള്ള ഒരുക്കത്തിനിടെയാണ് മുംബൈ ഇന്ത്യൻസ് അപ്രതീക്ഷിതമായി രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയത്. മുംബൈയിലേക്ക് മടങ്ങിയെത്തിയ ഹാർദിക് പാണ്ഡ്യയാണു പുതിയ ക്യാപ്റ്റൻ. ഗുജറാത്ത് ടൈറ്റൻസിന് വൻ തുക നൽകി മുബൈ പാണ്ഡ്യയെ വാങ്ങുകയായിരുന്നു. ഇതോടെ ഗുജറാത്ത് ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെയും ടീം പ്രഖ്യാപിച്ചു.

മാര്‍ക് ബൗച്ചറുടെ പ്രതികരണത്തിന് റിതിക നൽകിയ കമന്റ്. Photo: Screenshot@Instagram.
