പൂനം പാണ്ഡെ (File Photo: IANS)

ന്യൂഡൽഹി∙ നടി പൂനം പാണ്ഡെയെ സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ അംബാസഡര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബോധവല്‍ക്കരണ പ്രചാരണത്തിന്റെ മുഖമായി പൂനം പാണ്ഡെ എത്തുമെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മന്ത്രാലയവുമായി നടക്കുകയാണെന്നുമുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം. ഈ മാസം ആദ്യം സെർവിക്കൽ കാൻസർ ബാധിച്ച് മരണത്തിനു കീഴടങ്ങി എന്ന തരത്തിൽ പൂനം തന്നെ സമൂഹമാധ്യമം വഴി വാർത്ത പ്രചരിപ്പിക്കുകയും പിന്നീട് അതു ബോധവൽക്കരണത്തിന്റെ ഭാഗമാണെന്നു കാട്ടി പിൻവലിക്കുകയും ചെയ്തിരുന്നു.

പൂനത്തിന്റെ ‘ബോധവത്കരണ’ത്തിനെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഫെബ്രുവരി രണ്ടിനാണു പൂനം മരിച്ചു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. തൊട്ടടുത്ത ദിവസം തന്നെ താൻ മരിച്ചിട്ടില്ലെന്നും വ്യാജ വാർത്തയ്ക്കു പിന്നിൽ താൻ തന്നെയാണെന്നും കാട്ടി പൂനം ഇന്‍സറ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും പൂനം പറഞ്ഞു. താന്‍ മരിച്ചിട്ടില്ലെന്നും എന്നാല്‍ രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ പലരുടെയും ജീവനെടുക്കുന്നുണ്ടെന്നും വിഡിയോയിൽ പ്രത്യക്ഷപ്പെട്ട് പൂനം പറഞ്ഞു.

ഇത്തവണത്തെ കേന്ദ്രബജറ്റിലും ഒമ്പത് മുതല്‍ പതിനാലു വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ വാക്സിനേഷന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈയടുത്ത കാലത്തായി വന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഓരോ വര്‍ഷവും 80,000 സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിക്കുന്നുണ്ടെന്നും 35,000ത്തോളം മരണനിരക്കുണ്ടെന്നും വ്യക്തമാകുന്നു.