ട്രെയിനിന്‍റെ പടിയിൽനിന്ന് യുവാവ് യാത്രചെയ്യുന്നു (വിഡിയോ ദൃശ്യം), ചാടിയശേഷം പരുക്കേറ്റനിലയിൽ കണ്ടെത്തിയപ്പോൾ
കോട്ടയം∙ സഹയാത്രികർ നോക്കിനിൽക്കെ വേണാട് എക്സ്‌പ്രസിൽനിന്ന് എടുത്തു ചാടിയ യുവാവിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലം പന്മന സ്വദേശി അൻസാർ ഖാൻ (24) ആണ് സഹയാത്രികർ നോക്കിനിൽക്കേ ട്രെയിനിൽനിന്നു ചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30ന് ട്രെയിൻ തലയോലപ്പറമ്പിൽ എത്തിയപ്പോഴാണ് സംഭവം.
ട്രെയിനിന്റെ പടിയിൽനിന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്ത അൻസാറിനോട് അകത്തേക്കു വരാൻ പലരും നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. അവിടെത്തന്നെ തുടർന്ന അൻസാർ ഇതിനിടെ ട്രെയിനിൽനിന്നു ചാടുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ തലയോലപ്പറമ്പ് റെയിൽവേ പാലത്തിനു സമീപം കണ്ടെത്തുകയും പൊലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
യുവാവ് ചാടിയെങ്കിലും ഇതു കണ്ട സഹയാത്രികർ ട്രെയിൻ നിർത്താൻ ശ്രമിച്ചില്ലെന്നാണു വിവരം. യാത്രികരിലൊരാൾ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് രാത്രി വൈകിയാണ് പരുക്കേറ്റ നിലയിൽ അൻസാറിനെ കണ്ടെത്തിയത്. അൻസാർ ട്രെയിനിൽനിന്നു ചാടിയതിന്റെ കാരണം വ്യക്തമല്ലെന്നും ആത്മഹത്യാ ശ്രമമാണോ എന്നു സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)
