Image credit: lev radin / Shutterstock.com
വാഷിങ്ടൻ∙ ഇന്ത്യ യുഎസുമായി പങ്കാളിത്തത്തിന് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ യുഎസ് നിലവിൽ ദുർബലമാണെന്നാണ് കരുതുന്നതെന്നും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന നിക്കി ഹേലി. ഫോക്സ് ബിസിനസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘‘ഞാൻ ഇന്ത്യയുമായി ഇടപഴകിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യ യുഎസുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്. അവർ റഷ്യയുമായി അത്തരമൊരു പങ്കാളിത്തം ആഗ്രഹിക്കുന്നില്ല.
പ്രശ്നം എന്താണെന്നുവച്ചാൽ, അവർക്കു വിശ്വാസം നഷ്ടപ്പെട്ടു. നമുക്ക് നയിക്കാൻ സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നില്ല. നമ്മൾ ദുർബലരാണെന്നാണ് അവർ കരുതുന്നത്. ഇന്ത്യ എല്ലായ്പ്പോഴും നയചാതുരിയോടെ കാര്യങ്ങൾ നിർവഹിക്കുന്നവരാണ്. അവർ അങ്ങനെ തന്നെ ഇപ്പോഴും ചെയ്യുന്നു, റഷ്യയുമായി അടുത്ത ബന്ധം നിലനിർത്തുന്നു. കാരണം അവിടെ നിന്നാണ് സൈനിക ഉപകരണങ്ങൾ അവർക്ക് ലഭിക്കുന്നത്.’’ നിക്കി പറഞ്ഞു.
വീണ്ടും ഭരിക്കാനായാൽ ദുർബലതയെ പുറത്താക്കുമെന്നും അവർ പറഞ്ഞു. ‘‘ഞങ്ങളുടെ സുഹൃത്തുക്കളായ ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇസ്രയേൽ, ജപ്പാൻ, ദക്ഷിണ കൊറിയ ഇവരെല്ലാവരും അതാണ് ആഗ്രഹിക്കുന്നത്. ചൈനയെ ആശ്രയിക്കാതിരിക്കാൻ ജപ്പാനും ഇന്ത്യയും വലിയ സഹായമാണ് ചെയ്തത്’’ – നിക്കി പറയുന്നു. ചൈന സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. വർഷങ്ങളായി അമേരിക്കയുമായുള്ള യുദ്ധത്തിന് ചൈന തയാറെടുത്തുകൊണ്ടിരിക്കുകയാണെന്നും അതവർ കാണിക്കുന്ന തെറ്റാണെന്നും നിക്കി കൂട്ടിച്ചേർത്തു.
