ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിനെതിരെ നാളെ ഡൽഹിയിൽ കേരളം നടത്തുന്ന സമരം സവിശേഷമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമരം ആരെയും തോൽപ്പിക്കാനല്ലെന്നും, അർഹമായതു നേടിയെടുക്കാനാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ചിലയിടങ്ങളിൽ ലാളനയും മറ്റിടങ്ങളിൽ പീഡനവുമെന്നതാണ് കേന്ദ്രത്തിന്റെ നയം. നാളത്തെ സമരത്തിൽ രാജ്യമൊന്നാകെ കേരളത്തിനൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരത്തിനായി ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി, വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘‘ഏതുവിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇല്ലാത്ത അധികാരങ്ങൾ അവർ പ്രയോഗിക്കുകയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണ്. എൻഡിഎ ഇതര സംസ്ഥാനങ്ങൾക്ക് പീഡനമാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശകൾ കേന്ദ്രം അട്ടിമറിച്ചു.’’ – മുഖ്യമന്ത്രി വിശദീകരിച്ചു. സമരത്തിനു രാഷ്ട്രീയ നിറം നൽകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
കേന്ദ്രത്തിന്റെ നയങ്ങൾ ജനവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അത് സാമ്പത്തിക ഫെഡറലിസത്തിന് എതിരാണ്. സംസ്ഥാന പദ്ധതികൾ കേന്ദ്രത്തിന്റേത് എന്ന പേരിൽ ബ്രാൻഡ് ചെയ്യാനാണ് ശ്രമം.
ലൈഫ് മിഷൻ പദ്ധതിയിൽ ഈ കടന്നുകയറ്റം നടക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിക്കായി കേരളം 17,104 കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്രം നൽകിയത് 12 ശതമാനം തുക മാത്രമാണ്. ലൈഫ് മിഷനിലൂടെ നിർമിച്ച വീടുകൾ ബ്രാൻഡ് ചെയ്യാൻ തയാറല്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. വീട് ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
