വിജയ് (Photo: Facebook/Actor Vijay Official)

ചെന്നൈ ∙ കേരളത്തിലെ രാഷ്ട്രീയക്കളത്തിലിറങ്ങാനുള്ള നീക്കവുമായി തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌. കേരളത്തിലെ വിജയ് മക്കൾ ഇയക്കം ജില്ലാ പ്രസിഡന്റുമാരായി ഇന്ന് ഉച്ചയ്ക്കു ശേഷം ചർച്ച നടത്തും. പനയൂരിലെ തന്റെ പ്രത്യേക ക്യാംപ് ഓഫിസിലാണു യോഗം.

തമിഴ്നാട്ടിലേതിനു സമാനമായി സമൂഹത്തിൽ വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ സജീവമാക്കാനും രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനുമുള്ള നിർദേശം നൽകുമെന്നാണു വിവരം. കേരളത്തോട് ചേർന്നു കിടക്കുന്ന തമിഴ്നാട്ടിലെ ജില്ലകളിൽ നിന്നുള്ള ഭാരവാഹികളെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് രാഷ്ട്രീയ പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് വിജയ് പ്രഖ്യാപിച്ചത്. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിലെത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരത്തിനിറങ്ങുമെന്നാണ് വിജയ് പുറത്തുവിട്ട കത്തിൽ പറഞ്ഞിരുന്നു.