ഹൈക്കോടതി

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ കൂടി പ്രഖ്യാപിച്ച അന്വേഷണം സ്റ്റേ ചെയ്യണമെന്ന പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയുടെ ആവശ്യം അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒളിക്കാനുണ്ടോ എന്നു ചോദിച്ച കോടതി, രേഖകൾ പരിശോധിക്കുന്നതിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിന് എന്താണ് ആശങ്കയെന്നും ആരാഞ്ഞു. ഒളിക്കാനൊന്നുമില്ലെന്നും എന്നാൽ 2 സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉൾപ്പെടുത്തിയത് നിയമാനുസൃതമല്ലെന്നും കെഎസ്ഐഡിസി വാദിച്ചു.

എക്സാലോജിക്, കരിമണൽ കമ്പനിയായ സിഎംആർഎൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 12ന് പരിഗണിക്കുമ്പോൾ കെഎസ്ഐഡിസി വാദവും പരിഗണിക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ഐഡിസി ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ തന്നെയായിരുന്നു ഹൈക്കോടതിയിൽ കേസ് പരിഗണിച്ചതും.

ജനുവരി 31നാണ് എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാര്‍ തീരുമാനിച്ചത്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നത്.

വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്ന സിഎംആർഎൽ തെറ്റാണെന്നു വെളിപ്പെട്ടതോടെയാണ് ഈ ഇടപാടിൽ കോർപറേറ്റ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. ആദ്യം കമ്പനി നിയമത്തിലെ വകുപ്പ് 210 അനുസരിച്ച് ആയിരുന്നെങ്കിൽ പിന്നീട് ഇത് സിഎഫ്ഐഒ അന്വേഷണമായി മാറി.

വകുപ്പ് 210 എടുത്ത കേസിൽ ഈ മാസം 8, 9 തീയതികളിൽ അന്വേഷണത്തിന് എത്തുമെന്ന് കെഎസ്ഐഡിസിയെ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം സിഎഫ്ഐഒയ്ക്കു വിടുന്നതിന്റെ ഭാഗമായി വകുപ്പ് 212 അനുസരിച്ച് കേസ് റജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെ എസ്എഫ്ഐഒ കഴിഞ്ഞ ദിവസം സിഎംആർഎലിൽ പരിശോധന നടത്തി. തുടർന്നാണ് കെഎസ്ഐഡിസിയിൽ ഇന്ന് പരിശോധനയ്ക്ക് എത്തിയത്. 2012–2013 മുതലുള്ള കണക്കുകൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു എങ്കിലും ചില രേഖകൾ അവയുടെ ബാഹുല്യം നിമിത്തം നൽകാനാവില്ലെന്ന് കെഎസ്ഐഡിസി അറിയിക്കുകയും ഇവ ഹാജരാക്കാൻ സമയം തേടുകയും ചെയ്തു.

ചോദിച്ച രേഖകളുടെ കാര്യത്തിൽ ഒരു തീരുമാനമെടുത്ത് അത് അന്വേഷകരെ അറിയിച്ചാൽ പോരെ എന്ന് ഇതിനിടെ കോടതി ചോദിച്ചു. എന്നാൽ ഇത്തരത്തിൽ രേഖകൾ തേടുന്നത് നിയമാനുസൃതമല്ലെന്ന് കെഎസ്ഐഡിസിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു. 50 കമ്പനികളിൽ തങ്ങളുടെ നോമിനി ഡയറക്ടർമാരുണ്ട്, അവിടെയൊക്കെ നടക്കുന്ന അന്വേഷണങ്ങളിൽ കെഎസ്ഐഡിസിയെ എങ്ങനെയാണ് ഉൾപ്പെടുത്തുക എന്നും അദ്ദേഹം ചോദിച്ചു. തുടർന്നാണ് കേസ് 12ന് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചത്.