അയര്‍ലന്‍ഡിലെ പ്രമുഖ ബാങ്ക് ഹാലിഫാക്സിന്റെ പോർടഡൗണ്‍ ബ്രാഞ്ചില്‍ തീപിടിത്തം. പ്രതീകാത്മക ചിത്രം.

പോര്‍ടഡൗണ്‍ ∙ യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രമുഖ ബാങ്ക് ശൃംഖലയായ ഹാലിഫാക്സ് ബാങ്കിന്റെ പോർടഡൗണ്‍ ബ്രാഞ്ചില്‍ തീപിടിത്തം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ക്രെയ്ഗാവണ്‍ പോര്‍ടഡൗണ്‍ നഗര മധ്യത്തിലുള്ള ഹൈസ്ട്രീറ്റ്, വുഡ്ഹൗസ് സ്ട്രീറ്റിനു സമീപത്തുള്ള കെട്ടിടത്തില്‍ പ്രാദേശിക സമയം ചൊവ്വാഴ്ച സന്ധ്യയോടെയാണ് കെട്ടിടത്തിനു തീപിടിച്ചത്. ആളപായം ഇല്ലെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പൊലീസും ഫയര്‍ ഫോഴ്സ് സംഘവും പെട്ടെന്നു സ്ഥലത്തെത്തി തീയണച്ചതിനാല്‍ മറ്റു കെട്ടിടങ്ങളിലേക്കു തീ പടരുന്നത് ഒഴിവാക്കാനായി. ഏതാനും മണിക്കൂറുകള്‍ സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചതൊഴിച്ചാല്‍ ജനങ്ങള്‍ക്കും കാര്യമായ തടസങ്ങളുണ്ടായില്ല.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആളുടെ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇയാളുടെ ലക്ഷ്യമെന്തായിരുന്നെന്നും വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായാണ് ഔദ്യോഗിക വിശദീകരണം.