ന്യൂഡൽഹി∙ എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിനു പരിഗണിക്കും. വാദം പൂർത്തിയായില്ലെങ്കിൽ മേയ് രണ്ടിനും തുടരും. കേസിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ നൽകിയ അപ്പീൽ മേയ് 7നു പരിഗണിക്കുമെന്നും കോടതി പറഞ്ഞു. സുധീരന്റെ അപ്പീലിൽ ഇതുവരെയും നോട്ടിസ് ആകാത്തതിനാലാണ് പ്രത്യേകം പരിഗണിക്കുന്നത്.

8–ാമത്തെ തവണയാണ് ലാവ്‌ലിൻ കേസ് മാറ്റി വയ്ക്കുന്നത്. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി. വിശ്വാനാഥൻ എന്നിവരുടെ ബെഞ്ചാണു കേസ് പരിഗണിച്ചത്. കഴിഞ്ഞ ഒക്ടോബർ 31നു കോടതിയിൽ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ.മോഹനചന്ദ്രന്റെയും അഡ്വക്കറ്റ് ഓൺ റെക്കോർഡ് ആയിരുന്ന അഭിഭാഷകർക്ക് അടുത്തിടെ സീനിയർ പദവി ലഭിച്ചു. ഈ സാഹചര്യത്തിൽ വക്കാലത്ത് മാറാനുള്ള സമയം വേണമെന്ന അഭ്യർഥന പരിഗണിച്ചാണ് കേസ് മാറ്റിയത്.

കേസ് മാർച്ചിലോ ഏപ്രിലിലോ പരിഗണിക്കണമെന്ന് സിബിഐക്കുവേണ്ടി അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു അഭ്യർഥിച്ചു. എന്നാൽ, തുടർച്ചയായി രണ്ടു ദിവസം വാദം കേൾക്കാനുള്ള സൗകര്യം പരിഗണിക്കുമ്പോൾ മേയിലേക്കു മാറ്റുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു. കേസ് വാദത്തിനെടുക്കുന്നതിൽ സിബിഐക്കു താൽപര്യമില്ലെന്ന ആരോപണം ശരിയല്ലെന്നും ഏതു ദിവസവും തയാറാണെന്നും അന്വേഷണ ഏജൻസിക്കുവേണ്ടി ഹാജരായ വൻസജ ശുക്ള പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 3 പേരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ഒക്ടോബറിൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണു സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചതിനെതിരെ 3 ഉദ്യോഗസ്ഥർ നൽകിയ അപ്പീലും സുപ്രീം കോടതിയിലുണ്ട്.

കേസിൽ കൂടുതൽ രേഖകൾ നൽകാനുണ്ടെന്നു കാരണം പറഞ്ഞു കക്ഷികൾ കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകിത്തുടങ്ങിയതോടെ വാദം അന്തമായി നീളുകയായിരുന്നു. അപ്പീൽ നൽകിയ സിബിഐ തന്നെ കേസ് മാറ്റി വയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു. അതിനിടെ, കേസ് പരിഗണിച്ച ജഡ്ജിമാരായ എൻ.വി.രമണ, യു.യു.ലളിത്, എം.ആർ ഷാ എന്നിവർ സുപ്രീംകോടതിയിൽനിന്നു വിരമിക്കുകയും ചെയ്തു.