പി.സി.ജോർജ്.
പത്തനംതിട്ട∙ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ നാണംകെട്ടവനെന്ന് അധിക്ഷേപിച്ച് പി.സി. ജോർജ്. സംസ്ഥാന ബജറ്റിൽ റബർ കർഷകർക്കുള്ള തറവില 10 രൂപ മാത്രം വർധിപ്പിച്ചതിനെതിരെയായിരുന്നു പി.സി.ജോർജ് രംഗത്തെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്‌ക്ക് അടൂരിൽ നൽകിയ സ്വീകരണത്തിലാണ് ധനമന്ത്രിയെ പി.സി.ജോർജ് അധിക്ഷേപിച്ചത്.
“കാശ് തന്നാൽ എ ബജറ്റ്. കാശ് തന്നില്ലേൽ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറയുന്നത്. എന്തൊരു നാണംകെട്ടവനാണ് ആ മന്ത്രി. കെ.എം.മാണിയുടെ കാലത്ത് റബർ കർഷകന് ഒരു കിലോ റബറിന് 170 രൂപ തറവില പ്രഖ്യാപിച്ചിരുന്നു. ഈ ബജറ്റിൽ ഈ മന്ത്രി 10 രൂപയാണ് കൂട്ടിയത്, നാണം കെട്ടവൻ. 250 രൂപ തരും എന്ന് പ്രകടനപത്രികയിൽ എഴുതിവച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുമേടിച്ച് അധികാരത്തിൽ വന്ന് രണ്ടര വർഷം കഴിഞ്ഞപ്പോൾ 10 രൂപ കൊടുത്തേക്കാമെന്ന്. അതാണ് അത് വീട്ടിൽ കൊടുക്കാൻ ഞാൻ പറഞ്ഞത്’’–പി.സി. ജോർജ് പറഞ്ഞു.
അതേസമയം കേരള ജനപക്ഷം പാർട്ടി – ബിജെപി ഔദ്യോഗിക ലയനം 13ന് തിരുവനന്തപുരത്ത് നടക്കുമെന്ന് കോട്ടയത്ത് പി.സി.ജോർജ് പറഞ്ഞു. ‘‘കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 13ന് തിരുവനന്തപുരത്ത് നടക്കുന്ന ലയന സമ്മേളനത്തിൽ അംഗത്വം നൽകും. കേരള ജനപക്ഷം പാർട്ടിയുടെ 112 സംസ്ഥാന കമ്മിറ്റി അംഗങ്ങളും, ലയന സമ്മേളനത്തിൽ ബിജെപി അംഗത്വം സ്വീകരിക്കും. ഈ ലയനം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. 13 മുതൽ നൂറു ശതമാനം ആത്മാർത്ഥതയുള്ള ബിജെപി പാർട്ടി പ്രവർത്തകനായി താൻ മാറും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഞാൻ മത്സരിക്കുമോ എന്നുള്ളത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 5 സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ’’– പി.സി.ജോർജ് പറഞ്ഞു.
