രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ.

മുംബൈ ∙ ഐപിഎൽ 2024 സീസണിൽ രോഹിത് ശർമയെ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിൽ വിശദീകരണവുമായി പരിശീലകൻ മാർക്ക് ബൗച്ചർ. ഇത് മാറ്റത്തിന്റെ സമയമാണെന്നും രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിലൂടെ അദ്ദേഹത്തിന് നേരിടേണ്ടിവരുന്ന സമ്മര്‍ദം കുറയ്ക്കാനാകുമെന്നും ബൗച്ചർ പറഞ്ഞു. ഇതുവഴി, ടീമിന്റെ ഓപ്പണർ കൂടിയായ രോഹിത്തിന് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്നും ബൗച്ചർ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘‘രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയത് ആരാധകർ വൈകാരികമായാണ് കണ്ട‌ത്. എന്നാൽ ഇത്തരം തീരുമാനങ്ങളെ സ്വീകരിക്കാൻ ആളുകൾ തയാറാകണം. താരകൈമാറ്റത്തിലൂടെ ഹാർദിക്കിനെ ടീമിൽ എത്തിച്ചത് നമ്മള്‍ കണ്ടതാണ്. മുംബൈ ഇന്ത്യൻസിൽ ഇപ്പോൾ മാറ്റത്തിന്റെ സമയമാണ്. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിലൂടെ ഒരു വ്യക്തി എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും രോഹിത്തിനെ നല്ല രീതിയിൽ മാത്രമേ ബാധിക്കൂ. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാനും കൂടുതൽ റൺസ് നേടാനും അദ്ദേഹത്തിനു കഴിയും. ഓപ്പണര്‍ എന്ന രീതിയില്‍ രോഹിത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം ടീമിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു’’ –ബൗച്ചർ പറഞ്ഞു.

മുംബൈയെ എറെക്കാലം നയിച്ച രോഹിത് ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍റെ അധികഭാരമില്ലാതെ രോഹിത്തിന് സ്വതന്ത്രമായി കളിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്. ചിരിക്കുന്ന മുഖത്തോടെ രോഹിത് കളിക്കുന്നത് കാണാനാണ് താല്‍പര്യപ്പെടുന്നത്. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറിയ താരം ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്തി. രണ്ടാം വര്‍ഷം റണ്ണറപ്പായി. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മികച്ചതാണെന്ന് ഇത് തെളിയിക്കുന്നുവെന്നും ബൗച്ചര്‍ പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ ഡിസംബറിൽ നടന്ന താരലേലത്തോട് അനുബന്ധിച്ചാണ് മുംബൈ ടീമിലെത്തിച്ചത്. ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതോടെ ആരാധകർ വലിയ തോതിൽ പ്രതിഷേധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകർ മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്തു. എന്നാൽ തീരുമാനവുമായി മുന്നോട്ടുപോകാനായിരുന്നു മാനേജ്മെന്റ് നിലപാട്. 2013ൽ മുംബൈയുടെ ക്യാപ്റ്റനായ രോഹിത് ടീമിനെ അഞ്ചു തവണ കിരീട നേട്ടത്തിൽ എത്തിച്ചിട്ടുണ്ട്.